22 November Thursday

ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പ്‌: ജനകീയ പ്രതിരോധം തീര്‍ത്ത് ഇടതുപ്രക്ഷോഭം

പി ആർ ചന്തുകിരൺUpdated: Wednesday Jul 25, 2018

ന്യൂഡൽഹി > പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യ കശാപ്പിനെതിരെ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രക്ഷോഭം ജനകീയ പ്രതിരോധമായി.  ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രമാണ് ജനങ്ങളെ വർഗീയമായി വേർതിരിച്ച് രാജ്യത്ത് നടപ്പാക്കുന്നതെന്ന് പ്രക്ഷോഭകർ തുറന്നുകാട്ടി. അതിക്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിലെ ധർണയിൽ ആയിരങ്ങൾ അണിനിരന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, സുഭാഷിണി അലി, ബിമൻബസു, നീലോൽപൽബസു, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്‌പി നേതാവ് അജോയ് ഘോഷ്  തുടങ്ങിയവർ സംസാരിച്ചു. ഹനൻമൊള്ള, ഡി രാജ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇടതുപക്ഷ എംപിമാർ തുടങ്ങിയവരും പങ്കെടുത്തു.

ത്രിപുരയിൽ ബിജെപി അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ രണ്ട് ഗേത്രവിഭാഗക്കാരായ യുവ നേതാക്കളടക്കം നാല് സിപിഐ എം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. 750ലേറെ പാർടി ഓഫീസ‌് തകർത്തു. 2100 വീടാണ് തല്ലിത്തകർത്തത്. 500ലേറെ പാർടി പ്രവർത്തകരെ വീടുകളിൽനിന്ന് ആട്ടിയോടിച്ചു. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു. 'ദേശെർ കഥ' പത്രത്തിന്റെ പ്രവർത്തനമടക്കം മുടക്കി.

പശ്ചിമ ബം​ഗാളിൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 35 സിപിഐ എം പ്രവർത്തകരെയാണ് തൃണമൂലുകാർ കൊലപ്പെടുത്തിയത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ തൃണമൂൽ അക്രമങ്ങളിൽ 11 സിപിഐ എം പ്രവർത്തകരുൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. സിപിഐ എം, സിപിഐ, സിപിഐ ലിബറേഷൻ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ദേശീയപ്രക്ഷോഭം സംഘടിപ്പിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top