19 November Monday

അനിൽ അംബാനിക്ക‌് മോഡിയുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 14, 2018

ന്യൂഡൽഹി
വൻ തകർച്ചയിലായിരുന്ന അനിൽ അംബാനി റിലയൻസ‌് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള റിലയൻസ‌് ദസ്സാൾട്ട‌് എയ‌്റോസ‌്പെയ‌്സിന്റെ നിർമാണശാലയ‌്ക്ക‌് നാഗ‌്പുരിൽ ശിലയിട്ടപ്പോൾ പൊതുവെ സംശയം ഉയർന്നിരുന്നു. പണം എവിടെനിന്നുകിട്ടുമെന്ന‌് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ‘‘ ഓഹരികളും കടപ്പത്രങ്ങളുംവഴി സമാഹരിക്കും’’ എന്നായിരുന്നു അനിൽ അംബാനിയുടെ മറുപടി.

ഇഎസ‌്ഐ കോർപറേഷന്റെ സഞ്ചിതനിധി കൈകാര്യംചെയ്യാനുള്ള ഫണ്ട‌് മാനേജർ പദവി ലഭിച്ചതോടെ അനിൽ അംബാനിയുടെ ഈ ലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുകയാണ‌്. അനിൽ അംബാനിയുടെ റിലയൻസ‌് ഡിഫൻസും ഫ്രഞ്ച‌് കമ്പനി ദസ്സാൾട്ട‌് എയ‌്റോനോട്ടിക്കലും ചേർന്നുള്ള സംരംഭത്തിൽ ദസ്സാൾട്ട‌് മാത്രമാണ‌് ഇതുവരെ നിക്ഷേപം നടത്തിയത‌്. നിർമാണശാലയ‌്ക്കുള്ള സ്ഥലം വാങ്ങാനുള്ള പണം പോലും അനിൽ അംബാനിയുടെ കൈവശമില്ലായിരുന്നു. മഹാരാഷ്ട്ര സർക്കാർ 200 ഏക്കറിൽപരം സ്ഥലം നാഗ‌്പുരിൽ അനുവദിച്ചെങ്കിലും ഇതിന്റെ പകുതിമാത്രമാണ‌് റിലയൻസ‌് എടുത്തത‌്. ഇതിന്റെ പണം പല ഗഡുക്കളായാണ‌് നൽകിയത‌്. മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ഇക്കാര്യത്തിൽ അനിൽ അംബാനിയോട‌് ഒൗദാര്യം കാട്ടുകയും ചെയ‌്തു.

റിലയൻസ‌് കമ്യൂണിക്കേഷൻസ‌് 45,000 കോടിയോളം രൂപ കടത്തിൽ മുങ്ങുകയും ഈ സ്ഥാപനം സഹോദരൻ മുകേഷിനു കൈമാറാനുള്ള  നടപടി നിയമക്കുരുക്കിലാകുകയും ചെയ‌്തിരുന്നു. റിലയൻസ‌് പവർ, റിലയൻസ‌് നേവൽ, റിലയൻസ‌് ഇൻഫ്രാസ്ട്രക‌്ചർ എന്നിവയ‌്ക്കും ഭാരിച്ച തോതിൽ കടബാധ്യതയുണ്ട‌്.

ഈ സാഹചര്യത്തിൽ ഇൻഷുറൻസ‌് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ‌് അനിൽ അംബാനി. ജമ്മു കശ്മീരിലെ എല്ലാ സർക്കാർ ജീവനക്കാരും റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം എടുക്കണമെന്ന് കേന്ദ്രസർക്കാർ ഈയിടെ ഉത്തരവ‌് ഇറക്കിയിരുന്നു. 

അനിൽ അംബാനിയുടെ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനമെന്ന്  ആരോപണം ഉയർന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിവന്ന പ്രതിമാസ ചികിത്സാബത്ത നിർത്തലാക്കിയശേഷമാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർബന്ധമാക്കിയത്. എല്ലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർബന്ധമാക്കി സെപ്തംബർ 20നാണ് ജമ്മു കശ്മീർ ഗവർണർ വിജ്ഞാപനം ഇറക്കിയത്. ഇതിനു തൊട്ടുമുമ്പ് സെപ്തംബർ 18ന് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ആരോഗ്യ ഇൻഷുറൻസിനു മാത്രമായി റിലയൻസ് ഹെൽത്ത് ഇൻഷുറൻസ് എന്ന കമ്പനിക്ക് രൂപംനൽകുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top