16 November Friday

ഭരണവീഴ്‌ച മറച്ചുവച്ച്‌ മോഡി തെരഞ്ഞെടുപ്പ‌് പ്രചാരണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Jun 29, 2018

ന്യൂഡൽഹി > പ്രതിപക്ഷകക്ഷികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്സഭാ തെരഞ്ഞെടുപ്പ‌് പ്രചാരണതുടക്കം എന്ന നിലയിൽ ഉത്തർപ്രദേശിലെ മഗറിൽ സംഘടിപ്പിച്ച കബീർദാസ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു മോഡി.

സർക്കാരിന്റെ നാലുവർഷത്തെ ഭരണത്തെക്കുറിച്ച് പറയാതെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് പ്രധാനമന്ത്രി ഏറിയ സമയവും വിനിയോഗിച്ചത്. ഉത്തർപ്രദേശിൽ സമാജ്വാദി പാർടിയും ബിഎസ്പിയും തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചുനിൽക്കുന്നത് ബിജെപിയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് മോഡിയുടെ വാക്കുകൾ തെളിയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷം ഒന്നിച്ചുനിന്ന കഴിഞ്ഞ മൂന്ന് ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു.

സമാജ്വാദ്, ബഹുജൻ എന്നിവയുടെ പേരിൽ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നവർക്ക് അധികാരത്തോട് ആർത്തിയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കബീർദാസിലും മഹാത്മാഗാന്ധിയിലും അംബേദ്കറിലും വിശ്വസിക്കുന്ന ഇന്ത്യയുടെ സഹജ സ്വഭാവത്തിൽ പ്രതിപക്ഷത്തിനു വിശ്വാസമില്ല. അംബേദ്കറുടെ പേര് ഉപയോഗിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മോഡി പറഞ്ഞു.മോഡി അധികാരത്തിൽ വന്നശേഷം ദളിതർക്കെതിരായ അതിക്രമം വർധിച്ചതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 

പ്രതിപക്ഷത്തെ പഴിചാരുന്ന പ്രധാനമന്ത്രി ഈ വസ്തുത മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഗോരക്ഷയുടെ പേരിൽ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ ആക്രമണം തുടരുന്നു. വാഗ്ദാനലംഘനം, കർഷകആത്മഹത്യ, ബാങ്കിങ് മേഖലയിലെ പ്രതിസന്ധി, രൂക്ഷമാകുന്ന  തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലും പ്രധാനമന്ത്രി മൗനം പാലിച്ചു.

2019 മെയ് വരെ ലോക്സഭയ്ക്ക് കാലാവധിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന പ്രചാരണം ബിജെപി കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷകക്ഷികൾക്കെതിരെ ആരോപണമുന്നയിച്ച‌് മോഡി രംഗത്തുവന്നത് ശ്രദ്ധേയമാകുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top