14 November Wednesday

ജുനൈദിനെ കൊലപ്പെടുത്തിയിട്ട‌് ഒരുവർഷം: ഉത്തരേന്ത്യയിൽ ന്യൂനപക്ഷവേട്ട തുടരുന്നു

സ്വന്തം ലേഖകൻUpdated: Saturday Jun 23, 2018

ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ പൊലീസുകാർ നോക്കിനിൽക്കെ ആൾക്കൂട്ടം നടത്തുന്നതിന്റെ വീഡിയോ ചിത്രം

ന്യൂഡൽഹി  > ഡൽഹി‐മഥുര ട്രെയിനിൽ പതിനാറുകാരൻ ജുനൈദിനെ സംഘപരിവാറുകാർ കൊലപ്പെടുത്തി ഒരുവർഷം പിന്നിടുമ്പോൾ ഉത്തരേന്ത്യയിൽ ന്യൂനപക്ഷവേട്ട തുടരുന്നു. ആറു പ്രതികളിൽ നാലുപേരും ജാമ്യംനേടി പുറത്തിറങ്ങുകയും ചെയ്തു. ജുനൈദിനൊപ്പം അക്രമത്തിന് ഇരയായ സഹോദരൻ ഷാക്കിർ ഇപ്പോഴും ഒരു കൈ ഉയർത്താനാകാത്ത നിലയിലാണ്. ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്ത് ഭീതിയിലായ കുടുംബങ്ങളുടെ എണ്ണം വർധിക്കുകയാണ്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പശുസംരക്ഷകർ മൂന്നുപേരെയാണ് ഒരാഴ്ചയ്ക്കിടെ കൊലപ്പെടുത്തിയത‌്.

ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ പൊലീസുകാർ നോക്കിനിൽക്കെ ആൾക്കൂട്ടം രണ്ടുപേർക്കെതിരെ ആക്രമണം നടത്തുന്ന നടുക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇവിടെ ക്രൂരമർദനത്തിന് ഇരയായ ഖാസിം കൊല്ലപ്പെട്ടു. മർദിച്ച് അവശനാക്കിയ ഖാസിമിനെ അക്രമികൾ വലിച്ചിഴച്ചുകൊണ്ടുവരുന്നതിനാണ് യുപി പൊലീസ് അകമ്പടി സേവിച്ചത്. മറ്റൊരു സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മാംസക്കച്ചവടക്കാരൻ മുഹമ്മദ് സലിം ഖുറേഷി കൊല്ലപ്പെട്ടു. പശുകശാപ്പ് ആരോപിച്ച് വിളിച്ചുവരുത്തി പൊലീസ് ഖുറേഷിയെ ഭീഷണിപ്പെടുത്തിയെന്നും മർദിച്ചെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഖുറേഷി ഡൽഹി എയിംസ് ആശുപത്രിയിലാണ് മരിച്ചത്. ജാർഖണ്ഡിലെ രാംഗഢിൽ നാൽപ്പത്താറുകാരൻ തൗഹീദ് അൻസാരിയുടെ മൃതദേഹം 20 കിലോമീറ്റർ അകലെനിന്നാണ് കണ്ടെത്തിയത്. രാജ്രാപ്പയിലേക്ക‌് പോവുകയായിരുന്ന തൗഹീദിന്റെ ബൈക്കും  മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകസമയത്ത് ഇയാളുടെ കൈവശം കന്നുകാലി മാംസം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് കാണാതായ തൗഹീദിന്റെ മൃതദേഹം 48 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. കരുതിക്കൂട്ടി നടപ്പാക്കിയ കൊലപാതകമാണിതെന്നും ബൈക്കിൽ പശുമാംസം ഇതിനായി കൊണ്ടുവച്ചതാണെന്നും തൗഹീദിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.

അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് ജുനൈദിന്റെ കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ‌്‌ലാഖിന്റെ കൊലപാതകംമുതൽ നരേന്ദ്രമോഡി ഭരണത്തിനിടെ നിരവധിപേരാണ് ഗോരക്ഷകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിൽനിന്ന് ന്യൂനപക്ഷങ്ങൾക്കും കർഷകർക്കും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചശേഷവും കൊലപാതകങ്ങൾ തുടരുകയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top