13 November Tuesday

ഐതിഹാസിക പ്രക്ഷേ‌ാഭത്തിന‌് രാജ്യതലസ്ഥാനം ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Saturday Sep 1, 2018

ന്യൂഡൽഹി > സ്വതന്ത്രഇന്ത്യയിൽ ആദ്യമായി തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സംയുക്തമായി ദേശീയതലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിനു വേദിയാകാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു. സെപ്തംബർ അഞ്ചിനു നടക്കുന്ന മസ്‌‌ദൂർ കിസാൻ സംഘർഷ് റാലിയിൽ രാജ്യമെമ്പാടും നിന്നെത്തുന്ന ലക്ഷക്കണക്കിനുപേർ പങ്കെടുക്കുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള, സിഐടിയു പ്രസിഡന്റ്  ഡോ. കെ ഹേമലത, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എസ് തിരുനാവുക്കരശ‌് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും എതിരായ നയങ്ങൾ നടപ്പാക്കുന്ന മോഡിസർക്കാരിനെ പരാജയപ്പെടുത്താൻ ആവശ്യമായ ജനവികാരം വളർത്തിയെടുക്കുകയെന്നതാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങൾപോലും നിഷേധിക്കുന്ന മോഡിസർക്കാരിനെ പരാജയപ്പെടുത്താതെ ജനകീയ പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു.

ദൈനംദിന പ്രശ്നങ്ങൾക്കെതിരെ സമരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണം നവഉദാര നയങ്ങളാണ്. അതിനാൽ എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും നവഉദാരനയങ്ങൾക്കെതിരായ പോരാട്ടവുമായി ബന്ധപ്പെടുത്തണം. ഇക്കാര്യം വിശദീകരിച്ച് സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണം നടത്തിവരികയാണ്. കോടിക്കണക്കിനു ലഘുലേഖകൾ വിതരണം ചെയ്തു. ജില്ലാതലത്തിൽ ജാഥകൾ നടത്തി. 400 ജില്ലയിലെ 600 കേന്ദ്രത്തിലായി നടത്തിയ ജയിൽനിറയ്ക്കൽ സമരത്തിൽ അഞ്ചുലക്ഷത്തിൽപരം പേർ പങ്കെടുത്തു.

സെപ്തംബർ അഞ്ചിന്റെ പ്രക്ഷോഭത്തെ പിന്തുണച്ച് കലാകാരന്മാർ, സാമ്പത്തിക ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ മുന്നോട്ടുവന്നിട്ടുണ്ട്. പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സ്വാഗതസംഘം റാലിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. രാംലീല മൈതാനത്തും ഗാസിയാബാദിലും ക്യാമ്പുകളുടെ പണി നടക്കുകയാണ്. സമരഭടന്മാർ സെപ്തംബർ മൂന്നുമുതൽ എത്തിത്തുടങ്ങും. നാസിക്കിൽനിന്ന് പ്രത്യേക ട്രെയിൻ ബുക്കുചെയ്തിട്ടുണ്ട്. അഞ്ചിന‌ു രാവിലെ ഒമ്പതിന‌് രാംലീല മൈതാനത്തുനിന്ന് പ്രധാനറാലി ആരംഭിക്കും. എട്ട് കേന്ദ്രത്തിൽനിന്ന‌് സമാന്തര റാലികൾ പുറപ്പെടും. പാർലമെന്റ് സ്ട്രീറ്റിൽ എത്തിയശേഷം ചേരുന്ന യോഗത്തിൽ മൂന്ന് സംഘടനകളുടെയും നേതാക്കൾ സംസാരിക്കും.

ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് ജനവിരുദ്ധഭരണം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ കൂടുതൽ വിപുലമായ പ്രക്ഷോഭത്തിനു വഴിതുറക്കാൻ റാലി കാരണമാകുമെന്ന് നേതാക്കൾ പറഞ്ഞു. സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ, കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ലെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
Top