22 November Thursday

കേന്ദ്രത്തിന‌് താക്കീതായി മഹിളാ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

ന്യൂഡൽഹി
രാജ്യത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ പോരാട്ട ആഹ്വാനവുമായി ഡൽഹിയിൽ മഹിളാ റാലി. കനത്ത മഴയിലും അണയാതെ നിന്ന പ്രതിഷേധവുമായി പതിനായിരങ്ങൾ പാർലമെന്റ് റാലിയിൽ അണിനിരന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുടെ നേതൃത്വത്തിൽ മണ്ഡിഹൗസിൽനിന്ന് പകൽ 11.30നാണ് റാലി തുടങ്ങിയത്. 23 സംസ്ഥാനങ്ങളിൽനിന്നെത്തിയ മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് പാർലമെന്റ് സ്ട്രീറ്റിലേക്ക് മാർച്ച് ചെയ്തത്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രക്ഷോഭകരെ വേദിയിലെത്തി അഭിവാദ്യം ചെയ്തു. ചരിത്രത്തിലില്ലാത്തവിധം വർഗീയ അതിക്രമങ്ങൾ രാജ്യത്ത് പെരുകുമ്പോൾ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ‌്ത മഹിളാ അസോസിയേഷൻ രക്ഷാധികാരി ബൃന്ദ കാരാട്ട് പറഞ്ഞു. നാലുവർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ 34 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.  ഭയം വിതച്ച് എല്ലാവരെയും നിശ്ശബ്ദമാക്കുന്ന ആർഎസ്എസ് സംസ്കാരം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കും‐  ബൃന്ദ പറഞ്ഞു. വൈസ് പ്രസിഡന്റ് സുഭാഷിണി അലി, ട്രഷറർ പി കെ ശ്രീമതി എംപി, ഡൽഹി സംസ്ഥാന സെക്രട്ടറി ആശ ശർമ തുടങ്ങിയവർ സംസാരിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ അധ്യക്ഷയായി. ജനറൽ സെക്രട്ടറി മറിയം ധാവ്ലെ പ്രമേയം അവതരിപ്പിച്ചു.

കഠ്വയിൽ ക്രൂരകൊലപാതകത്തിനിരയായ എട്ടുവയസ്സുകാരിക്ക് നീതിക്കായി പോരാടുന്ന കശ്മീരിൽനിന്നുള്ള അഭിഭാഷക ദീപിക സിങ് രജാവത്ത്, യുപിയിലെ ഉന്നാവയിൽ ബിജെപി എംഎൽഎ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിങ് മാഖി തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top