14 November Wednesday

ജയിൽനിറയ‌്‌‌‌ക്കൽ സമരത്തിന‌് എം എസ‌് സ്വാമിനാഥന്റെ പിന്തുണ

സ്വന്തംലേഖകൻUpdated: Thursday Aug 9, 2018

ന്യൂഡൽഹി > കാർഷികമേഖലയിലെ ജീവൽപ്രശ്‌നങ്ങളുയർത്തി അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽ നിറയ്ക്കൽ സമരത്തിന് പ്രമുഖകാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ പിന്തുണ പ്രഖ്യാപിച്ചു. കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഒമ്പത് നിർദേശം അടങ്ങിയ പത്രക്കുറിപ്പ് കിസാൻസഭയ‌്ക്ക് സ്വാമിനാഥൻ കൈമാറി. കിസാൻ മുക്തി ബിൽ രാജ്യസഭ പരിഗണിക്കാനിരിക്കെ മുൻ അംഗംകൂടിയായ താൻ ഈ നിർദേശങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയ കർഷക കമീഷന്റെ സുപ്രധാന നിർദേശങ്ങളായ കാർഷിക വിളകൾക്ക് ഉൽപ്പാദനചെലവും അതിന്റെ 50 ശതമാനവും ചേർത്ത് മിനിമം താങ്ങുവില നൽകുക, പ്രഖ്യാപിക്കുന്ന മിനിമം താങ്ങുവിലയിൽ കാർഷികവിളകൾ സംഭരിക്കുമെന്ന് ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാ നിയമം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി എന്നിവയുമായി ബന്ധിപ്പിച്ച് കാർഷികവിളകളുടെ സംഭരണം ഉറപ്പാക്കൽ എന്നിവ നടപ്പാക്കാൻ തയ്യാറാകണമെന്ന് സ്വാമിനാഥൻ ആവശ്യപ്പെട്ടു.

കാർഷികവൃത്തിയെ ജീവനോപാധിയായി കാണാൻ നിശ്ചിത വരുമാനം ലഭ്യമാകുമെന്ന് ഉറപ്പുള്ള നിലയിലേക്ക് കൃഷിയെ ഉയർത്തണം, മിനിമം താങ്ങുവില ഉറപ്പാക്കണം, കാർഷിക നയങ്ങളിലും പരിപാടികളിലും മനുഷ്യത്വപരവും ലിംഗപരവുമായ സമീപനം വേണം, ഗ്രാമീണമേഖലയിൽ സ്ഥിരതയുള്ള ഉപജീവനമാർഗം ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധവേണം, ഭൂപരിഷ്‌കരണം ഉടൻ പൂർത്തിയാക്കണം, കർഷകർക്ക് സാമൂഹ്യസുരക്ഷയും പിന്തുണയ്ക്കുള്ള സംവിധാനവും വികസിപ്പിക്കണം, ഉൽപ്പാദനം, ലാഭം, സ്ഥിരത എന്നിവ ഉറപ്പാക്കാൻ ഭൂമി, വെള്ളം, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്നതിന് സാധ്യമായ വഴി ഒരുക്കണം, ഗ്രാമീണ ഇന്ത്യയിൽ സമൂഹത്തെ ഒന്നിപ്പിച്ച് ഭക്ഷണം, വെള്ളം, ഊർജം, സുരക്ഷ എന്നിവയൊരുക്കാനും കുട്ടികൾ, സ്ത്രീകൾ, പുരുഷൻമാർ എന്നിവർക്ക് പോഷകാഹാരം ഉറപ്പാക്കാനും കഴിയണം, ബൗദ്ധികമായും സാമ്പത്തികമായും യുവാക്കളെ ആകർഷിക്കാൻ പര്യാപ്തമായ നിലയിലേക്ക് കൃഷിയെ മാറ്റണം, വിളകൾവളർത്തുമൃഗങ്ങൾ, മീൻ, വനങ്ങളിലെ മരങ്ങൾ എന്നിവയുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും അതുവഴി കർഷക കുടുംബങ്ങളുടെ തൊഴിൽ, വരുമാനം എന്നിവ സംരക്ഷിക്കാനും ആരോഗ്യവും രാജ്യത്തിന്റെ വാണിജ്യസുരക്ഷയും ഉറപ്പാക്കാനും കഴിയണം എന്നീ നിർദേശങ്ങളാണ് സ്വാമിനാഥൻ മുന്നോട്ടുവച്ചത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top