ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യകക്ഷി

വാഷിങ്ടണ്‍ > സൈനിക സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) പ്രകാരം ഇരുരാജ്യങ്ങളുടെയും സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനുമായി തുറമുഖങ്ങളും വിമാനത്താവളങ്ങളും സൈനികതാവളങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി. ചേരിചേരാ നയം ഇന്ത്യ ഔദ്യോഗികമായി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ വിദേശ സെക്രട്ടറി ആഷ് കാര്‍ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. 2004 ലെ പ്രതിരോധചട്ടക്കൂട് കരാറിന്റെയും 2008ലെ സിവില്‍ ആണവകരാറിന്റെയും തുടര്‍ച്ചയായാണ് ചൈനയെ ലക്ഷ്യമിട്ട് എല്‍ഇഎംഒഎയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
കരാര്‍പ്രകാരം ഇന്ത്യക്ക് യുഎസ് സൈനികതാവളങ്ങള്‍ ഉപയോഗിക്കാമെങ്കിലും അതുകൊണ്ട് വലിയ കാര്യമുണ്ടാകില്ല. മറ്റ് ലോകരാജ്യങ്ങളില്‍ സൈനികസാന്നിധ്യമുള്ള അമേരിക്കയ്ക്കുതന്നെയാകും കരാറിന്റെ ആത്യന്തിക പ്രയോജനം. എന്നാല്‍, ഇന്ത്യന്‍ സൈനികതാവളങ്ങള്‍ പൂര്‍ണമായും അമേരിക്കന്‍ സൈനിക താവളമാക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ നയതന്ത്രവൃത്തങ്ങള്‍ വിശദീകരിച്ചു.
സിപിഐ എം ഉള്‍പ്പെടെയുള്ള പ്രധാന പാര്‍ടികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇന്ത്യ യുഎസുമായി സൈനികസഹകരണത്തിന് മുതിരുന്നത്. നാറ്റോയ്ക്ക് പുറത്തുള്ള രാജ്യങ്ങള്‍ യുഎസുമായുള്ള സൈനിക സഹകരണത്തില്‍നിന്ന് പിന്‍വലിയുമ്പോഴാണ് ഇന്ത്യ ഇത്തരത്തില്‍ കരാറുമായി എത്തുന്നത്. ഇന്ത്യയും അമേരിക്കയും സൈനികസഖ്യമാകുന്നതിന്റെ മുന്നോടിയായുള്ള നാല് അടിസ്ഥാന കരാറുകളിലൊന്നാണ് ഇപ്പോള്‍ ഒപ്പുവച്ചിട്ടുള്ളത്. നേരത്തെ ജനറല്‍ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. സൈനിക വിവരങ്ങള്‍ കൈമാറുന്ന കമ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ സെക്യുരിറ്റി കരാര്‍ (സിഐഎസ്എംഒഎ), അടിസ്ഥാന കൈമാറ്റ സഹകരണ കരാര്‍ (ബിഇസിഎ) എന്നിവ ഉടന്‍ ഒപ്പുവയ്ക്കും.
കരാര്‍ ഇന്ത്യയുടെ പരമാധികാരം അടിയറ വയ്ക്കുന്നതാണെന്ന് ഇതിനകംതന്നെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ ചേരിചേരാനയത്തില്‍നിന്ന് പിന്മാറുകയാണെന്ന് കരാറിന്റെ പശ്ചാത്തലത്തില്‍ ചൈന പ്രതികരിച്ചു. ചേരിചേരാനയത്തില്‍നിന്ന് അമേരിക്കന്‍ സഖ്യത്തിലേക്ക് ക്രമേണയുള്ള പിന്മാറ്റമാണ് ലോജിസ്റ്റിക് കരാര്‍ കാണിക്കുന്നത്. കരാര്‍ ഇന്ത്യയെ സുരക്ഷിതമാക്കില്ല. ഇത് ഇന്ത്യ– ചൈന ബന്ധത്തെയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുമെന്നും ചൈനീസ് മാധ്യമമായ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.









0 comments