ad
Deshabhimani

ഗുരുദാസ്പൂര്‍ ആക്രമണം നടത്തിയത് ഐഎസ്: ഗില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2015, 01:54 AM | 0 min read

ന്യൂഡല്‍ഹി > ഗുര്‍ദാസ്പുര്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഭീകരരാണെന്ന് പഞ്ചാബ് മുന്‍ ഡിജിപിയും ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിദഗ്ധനുമായ കെ പി എസ് ഗില്‍. പാക് ചാരസംഘടനയായ ഐഎസ്ഐയില്‍നിന്ന് ഐഎസിലേക്ക് ഇന്ത്യ ശ്രദ്ധ തിരിക്കണം. പാകിസ്ഥാനിലെ എല്ലാ ഭീകരസംഘടനകള്‍ക്കും ഐഎസുമായി ബന്ധമുണ്ട്. ആഗോളതലത്തില്‍ ഏറ്റെടുത്ത ഭീകരപ്രസ്ഥാനങ്ങള്‍ വഴിയാണ് ഐഎസ് പ്രവര്‍ത്തിക്കുന്നത്- ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു.

ഗുര്‍ദാസ്പുര്‍ ആക്രമണത്തിന് ഖലിസ്ഥാനുമായി ബന്ധമില്ല. ഖലിസ്ഥാന്‍ പ്രസ്ഥാനം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഇപ്പോള്‍ പാകിസ്ഥാനെ മുഖ്യഎതിരാളിയായി കണ്ടിട്ട് കാര്യമില്ല. ഐഎസിനെയാണ് ശ്രദ്ധിക്കേണ്ടത്. അവര്‍ക്ക് വന്‍തോതില്‍ സമ്പത്തുണ്ട്. പാകിസ്ഥാന്‍തന്നെ ഐഎസിന്റെ ചൊല്‍പ്പടിയിലാണ്.പാക് അതിര്‍ത്തിയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് പഞ്ചാബ്. അതുകൊണ്ടാണ് ആക്രമണത്തിന് പഞ്ചാബ്തന്നെ തെരഞ്ഞെടുത്തത്. പഞ്ചാബില്‍ ഭീകരവാദം തുടച്ചുനീക്കിയിട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യാന്തര അതിര്‍ത്തിയില്‍ പൊലീസ്സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഭീകരര്‍ക്ക് ഉചിതമായ മറുപടിയാണ് പഞ്ചാബ് പൊലീസ് നല്‍കിയത്. എന്നാല്‍ ഭീകരവിരുദ്ധ നടപടികള്‍ പരിശീലിപ്പിക്കാന്‍ ഇന്ത്യ ഭടന്മാരെ അമേരിക്കയിലയക്കുന്നത് ഖേദകരമാണ്. ഭീകരരെ നേരിടാന്‍ പഞ്ചാബ് പൊലീസില്‍നിന്നാണ് പഠിക്കേണ്ടത്. ഭീകരരെ നേരിടാന്‍ പഞ്ചാബ് പൊലീസ് സജ്ജമാണ്.

പഞ്ചാബ് പൊലീസിന് എകെ-47 തോക്കുകള്‍ നല്‍കാന്‍ അന്ന് ആഭ്യന്തരമന്ത്രാലയം വൈമുഖ്യംകാട്ടി. പാകിസ്ഥാനില്‍നിന്ന് തോക്കുകള്‍ കള്ളക്കടത്തായി കൊണ്ടുവരുമെന്ന് ഞങ്ങള്‍ ഭീഷണിപ്പെടുത്തി. അതോടെ കേന്ദ്രം എകെ-47 നല്‍കി-ഗില്‍ പറഞ്ഞു.ഇതിനിടെ, ഐഎസ്് ഇന്ത്യയില്‍ ആക്രമണത്തിനു തയ്യാറെടുക്കുന്നതായി പാക് താലിബാന്‍ മേഖലയില്‍നിന്ന് തെളിവ് ലഭിച്ചുവെന്ന് അമേരിക്കന്‍ പത്രം യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍നിന്ന് പിടികൂടിയ പാക്പൗരന്റെ കൈവശം ഉണ്ടായിരുന്ന, ഉറുദുവിലുള്ള 32 പേജുവരുന്ന രേഖയാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള തയ്യാറെറുപ്പ് നടക്കുന്നു. പാക്-അഫ്ഗാന്‍ മേഖലയില്‍ വിവിധ ഭീകരസംഘടനകള്‍ ഒത്തുചേരുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഈ രേഖ പരിശോധിച്ചെന്നും ഇതിന്റെ ആധികാരികത ശരിവച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home