Deshabhimani

ജെ ബി പട്നായിക് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2015, 02:05 AM | 0 min read

ഭുവനേശ്വര്‍ > മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡിഷ മുന്‍ മുഖ്യമന്ത്രിയുമായ ജെ ബി പട്നായിക് അന്തരിച്ചു. 89 വയസ്സായിരുന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യാശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കൃത സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് അര്‍ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സംസ്കാരം ജന്മനാടായ ഒഡിഷയിലെ പുരിയില്‍.

കേന്ദ്ര ടൂറിസംമന്ത്രി, അസം ഗവര്‍ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാനകി ബല്ലഭ് പട്നായിക് എന്ന ജെ ബി പട്നായിക് 1927 ജനുവരി മൂന്നിന് പുരി ജില്ലയിലെ രാമേശ്വരത്താണ് ജനിച്ചത്. 1980, 1989, 1995-1999 കാലയളവില്‍ ഒഡിഷ മുഖ്യമന്ത്രി ആയിട്ടുണ്ട്. 2009-2014 കാലയളവില്‍ അസം ഗവര്‍ണറായി. 1980ല്‍ കേന്ദ്ര ടൂറിസം, സിവില്‍ ഏവിയേഷന്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഭാര്യ ജയന്തി പട്നായിക് സാമൂഹിക പ്രവര്‍ത്തകയും രണ്ടുതവണ പാര്‍ലമെന്റ് അംഗവും ആയിരുന്നു.സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള പട്ടേലിന്റെ രാഷ്ട്രീയജീവിതത്തിലെ മോശം ഏടായിരുന്നു അഞ്ജനമിശ്ര മാനഭംഗകേസ്.

1999ല്‍ ഐഎഫ്എസ് ഓഫീസറുടെ ഭാര്യയായ അഞ്ജനമിശ്രയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ജെ ബി പട്ടേലിനും അദ്ദേഹത്തിന്റെ സുഹൃത്തും സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലുമായ ഇന്ദ്രജിത് റായ്ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. തുടര്‍ന്നാണ് നവീന്‍ പട്നായിക് ഒഡിഷയുടെ മുഖ്യമന്ത്രിയായത്. മക്കള്‍ പൃഥ്വി പട്നായിക്, സുദത്ത പട്നായിക്, സിജാത പട്നായിക്. പട്നായിക്കിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു. ഒഡിഷയില്‍ ഒരാഴ്ചത്തെ ദുഃഖാചരണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home