Top
23
Thursday, November 2017
About UsE-Paper

"ആത്മഹത്യ ചെയ്യാന്‍ ഞങ്ങളൊരുക്കമല്ല"; രാജസ്ഥാനില്‍ കര്‍ഷകസമരം ജനകീയ പ്രക്ഷോഭമായി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി>ഇനിയും ആത്മഹത്യ ചെയ്യാന്‍ ഞങ്ങളൊരുക്കമല്ലെന്നും അവകാശങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്കിടയില്‍ രക്തസാക്ഷിയാവാന്‍ തയ്യാറാണെന്നും മനസിലുറപ്പിച്ച് രാജസ്ഥാനില്‍ കര്‍ഷകര്‍ നടത്തുന്ന സമരം 14ദിവസം പിന്നിട്ടു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകപ്രക്ഷോഭം ജനകീയസമരമായി വളര്‍ന്ന് ശക്തമായി.കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനകീയസമരമായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. പൊലീസ് ഇടപെടല്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.



ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രക്ഷോഭം നയിക്കുന്ന കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അമ്രാറാം പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന അമ്രാറാം പറഞ്ഞു.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം തുടരുമ്പോള്‍ സര്‍ക്കാരിന്റെ പ്രതീകാത്മക ശവദാഹം നടത്തി കര്‍ഷകര്‍ മറുപടി നല്‍കി. സെപ്തംബര്‍ ഒന്നിന് സിക്കറില്‍ ആരംഭിച്ച പ്രക്ഷോഭത്തെ നേരിടാന്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റര്‍നെറ്റ് സേവനവും സര്‍ക്കാര്‍ നിരോധിച്ചു. വന്‍ സായുധ പൊലീസ് സന്നാഹവും ദ്രുതകര്‍മസേനയും സ്ഥലത്തുണ്ട്. നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവുംകൂടി ചേര്‍ത്ത് വിളകളുടെ താങ്ങുവില നല്‍കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം നടപ്പാക്കുക, കര്‍ഷകത്തൊഴിലാളികളുടെയും  കര്‍ഷകരുടെയും കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുക, 60 വയസ്സിനു മുകളിലുള്ള കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മാസം 5000 രൂപവീതം പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.



2 വര്‍ഷത്തിനുള്ളില്‍ 25000 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാജ്യത്തിലെ ഒരു സംസ്ഥാനത്ത് ഇപ്പോഴൊരു സമരം നടക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ നാളെ അവരില്‍ ചിലര്‍ ആ 25000ത്തിന്റെ കൂടെ ചേര്‍ക്കപ്പെട്ടേക്കാം.
കര്‍ഷകരുടെ ആവശ്യം കാറുകളോ മണിമാളികകളോ അല്ല,

1) തങ്ങളുടെ വിളകള്‍ക്ക് എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം താങ്ങുവില അനുവദിക്കണണം
2) കര്‍ഷക വായ്പ പൂര്‍ണമായി എഴുതി തള്ളണം.
3) അലഞ്ഞുതിരിയുന്ന കാലികള്‍ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമായി കശാപ്പ് നിരോധന നിയമം പിന്‍വലിക്കണം.
4) കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം.

ഇത്രയും ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി കര്‍ഷകര്‍ കഴിഞ്ഞ 13 ദിവസം സമരം ചെയ്തിട്ടും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച വിരുദ്ധ നിലപാടാണ് സമരത്തെ ജനകീയ പ്രക്ഷോഭമാക്കിയത്.
 

Related News

കൂടുതൽ വാർത്തകൾ »