ad
Deshabhimani

കഠ്‌‌‌‌വ കേസ്: സിബിഐ അന്വേഷണമില്ല; വിചാരണ കശ്‌മീരിനു പുറത്തേക്ക് മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 07, 2018, 10:52 AM | 0 min read

ന്യൂഡല്‍ഹി > കഠ്‌വ കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റരുതെന്ന സര്‍ക്കാര്‍ വാദം തള്ളി. സിബിഐ അന്വേഷണമെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഇരയുടെ കുടുംബത്തിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് ജഡ്‌ജി കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുുടംബത്തിന്റെ ആവശ്യപ്രകാരമാണ് കേസിന്റെ വിചാരണ പഞ്ചാബിലേക്ക് മാറ്റിയത്. ജമ്മു കശ്‌മീരിലെ കഠ്‌വ മേഖലയില്‍ ക്ഷേത്രത്തിനകത്തുവെച്ച് എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം ലോകശ്രദ്ധയാകര്‍ശിച്ചിരുന്നു. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നവരെ സംരക്ഷിക്കുന്ന നിലപാട് പൊലീസും ബിജെപി മന്ത്രിമാരും സ്വീകരിച്ചത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സുപ്രീം കോടതിവിധി ബിജെപിയുടെയും സംഘപരിവാറിന്റെയും വാദങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ്‌. ജമ്മുവിൽ കഠ്‌വ പെൺകുട്ടിയുടെ കുടുംബത്തിന്‌ എല്ലാവരിൽ നിന്നും പിന്തുണകിട്ടിയിരുന്നു എന്ന പ്രചരണം സംഘപരിവാർ നടത്തിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ നടപടികൾ ജമ്മു കശ്‌മീരിൽ വച്ച്‌ നടന്നാൽ കേസ്‌ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കുടുംബത്തിന്റെ ആശങ്ക ശരിവക്കുന്നതാണ്‌ കോടതിവിധി. കാലതാമസമുണ്ടാകാതെ രഹസ്യ സ്വഭാവത്തോടെ വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. സർക്കാരിനോട്‌ ഇരയുടെ കുടുംബത്തിന്റെയും സാക്ഷികളുടെയും വക്കീലിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസ്‌ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നവരിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ പേരുകൾ പ്രചരിപ്പിച്ച്‌ അവർ ഹിന്ദുക്കളെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന അങ്ങേയറ്റം വർഗീയമായ പ്രചരണവും പ്രതികളെ രക്ഷിക്കാനായി ഹിന്ദുത്വ ശക്തികൾ ഉയർത്തിയിരുന്നു. കേസ്‌ സിബിഐക്ക്‌ വിടണം എന്ന വാദവും ഇതേത്തുടർന്ന്‌ ഉയർത്തി. എന്നാൽ നിലവിലെ അന്വേഷണത്തിൽ തൃപ്‌തി രേഖപ്പെടുത്തിയ കോടതി ഈ വാദങ്ങളെല്ലാം അപ്പാടെ തള്ളി.  

പ്രതികൾക്കായി ബിജെപി മന്ത്രിമാർ പരസ്യമായി രംഗത്തുവന്നതിനു പിന്നാലെ സർക്കാരിന്റെ ആവശ്യം കോടതി തള്ളിയത്‌ ബിജെപിക്കേറ്റ രാഷ്‌ട്രീയമായ തിരിച്ചടി കൂടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home