17 July Tuesday

ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരായ ഹർജി:സുപ്രീംകോടതിയിൽ പുലർച്ചെ ചൂടേറിയ ചർച്ച;നാടകീയ സംഭവങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


ന്യൂഡൽഹി> രാഷ‌്ട്രീയ കുതിരക്കച്ചവടത്തിന‌് വഴിയൊരുക്കി കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ ജെഡിഎസും കോൺഗ്രസും സംയുക്തമായി നൽകിയ ഹർജിയിൽ  സുപ്രീം കോടതി വാദംകേട്ടുതുടങ്ങി. അസാധാരണ നടപടിക്കൊടുവിൽ പുലർച്ചെ രണ്ടു മണിയോടെയാണ‌് ആറാം നമ്പർ കോടതിയിൽ ജസ‌്റ്റിസ‌് സിക്രിയുടെ നേതൃത്വത്തിൽ ജസ‌്റ്റിസ‌് അശോക‌് ഭൂഷൺ, ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച‌് വാദം കേൾക്കുന്നത‌്. വാദംനീണ്ടേക്കുമെന്നും സൂചനയുണ്ട‌്. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, മുൻ അറ്റോൺ മുഗൾ റോഹത‌്ജി എന്നിവരും കോടതിയിലെത്തി.

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ന്യായം പറഞ്ഞ‌്  ബിജെപി നേതാവ‌് ബി എസ‌് യെദ്യൂരപ്പയെ ക്ഷണിച്ച  കർണാടക ഗവർണർ വജുഭായ‌്ബി വാലയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന‌് ചൂണ്ടിക്കാട്ടിയാണ‌് കോൺഗ്രസ‌് സുപ്രീംകോടതിയെ സമീപീച്ചത‌്. രാത്രി  പത്തരയോടെ ചീഫ‌് ജസ‌്റ്റിസിനെ നേരിട്ടുകണ്ടശേഷം കോൺഗ്രസ‌് നേതാക്കൾ ഹർജി സുപ്രിംകോടതി രജിസ‌്ട്രാർക്ക‌് കൈമാറുകയായിരുന്നു. തുടർന്ന‌് അസിസ‌്റ്റന്റ‌് രജിസ‌്ട്രാറും സുപ്രിംകോടതിയിലെ ഉന്നത ഉദ്യോഗസ്ഥരും ചീഫ‌് ജസ‌്റ്റിസിന്റെ വസതിയിലെത്തി. സെക്രട്ടറി ജനറൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാണ‌് അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കാൻ ചീഫ‌് ജസ‌്റ്റിസ‌് തീരുമാനിച്ചത‌്.

ഹർജിയിൽ വാദം കേൾക്കുമെന്ന തീരുമാനം പുറത്തുവന്നതോടെ കോൺഗ്രസ‌് നേതാവ‌് മനുഅഭിഷേക‌് സിങ‌്‌വിയുടെ നേതൃത്വത്തിൽ മുതിർന്ന അഭിഭാഷകരും ബിജെപിക്കുവേണ്ടി തുഷാർ മെഹ‌്തയും കോടതിയിലെത്തി. വാദം കേൾക്കൽ കണക്കിലെടുത്ത‌് സുപ്രിംകോടതി പരിസരത്ത‌് വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തി. ഇതിനിടെ, ഡൽഹിയിൽ യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ ബിജെപി നേതാക്കള‌ുടെ കോലം കത്തിച്ചു. രാത്രി ഏറെ വൈകി നിരവധി കോൺഗ്രസ‌്, ബിജെപി പ്രവർത്തകർ സുപ്രിംകോടതി പരിസരത്ത‌് തടിച്ചുകൂടി.

ബുധനാഴ‌്ച രാത്രി ഒമ്പതരയോടെയാണ‌് ബി ‌എസ‌് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത‌്. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ‌്ത്തഗിയിൽനിന്ന‌് നിയമോപദേശം തേടിയശേഷമായിരുന്നു നടപടി. വ്യാഴാഴ‌്ച രാവിലെ ഒമ്പതിനാണ‌് സത്യപ്രതിജ്ഞാചടങ്ങ‌് നിശ‌്ചയിച്ചത‌്. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം നൽകി. ഗവർണറുടെ ഈ നടപടി കുതിരക്കച്ചവടത്തിന‌് അവസരമൊരുക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

സർക്കാർ രൂപീകരണത്തിന‌് അവകാശവാദം ഉന്നയിച്ച‌് ജെഡിഎസും ബിജെപിയും ഗവർണറെ സന്ദർശിച്ചിരുന്നു. ഇരു കക്ഷികളും ഒരുപോലെ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ‌് മുകുൾ റോഹ‌്ത്തഗിയോട‌് നിയമോപദേശം തേടിയത‌്. തുടർന്ന‌് രാത്രി എട്ടരയോടെ സർക്കാർ രൂപീകരിക്കാൻ ബി എസ‌് യെദ്യൂരപ്പയെ ഗവർണർ ക്ഷണിക്കുകയായിരുന്നു.

ബുധനാഴ‌്ച പകൽ മൂന്നരയ‌്ക്ക‌് യെദ്യൂരപ്പ ഗവർണറെ കണ്ട‌് തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന‌് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട‌് നാലരയോടെ പിന്തുണക്കത്ത‌് സഹിതം 117 എംഎൽഎമാരെ കോൺഗ്രസ‌്, ജെഡിഎസ‌് നേതൃത്വം രാജ‌്ഭവനിൽ എത്തിച്ചിരുന്നു.  ഗവർണർ പക്ഷപാതം കാട്ടരുതെന്ന‌് നേരത്തെ കോൺഗ്രസ‌് ആവശ്യപ്പെട്ടിരുന്നു.


അതിനിടെ കുതിരക്കച്ചവടം ഭയന്ന‌് കോൺഗ്രസ‌്, ജെഡിഎ‌സ‌് എംഎൽഎമാരെ ബംഗളൂരു നഗരത്തിനു പുറത്തെ സ്വകാര്യ റിസോർട്ടിലേക്ക‌് മാറ്റി. ഇനി വിശ്വാസവോട്ടെടുപ്പ‌ു ദിവസം എംഎൽഎമാരെ സഭയിൽ എത്തിക്കാനാണ‌് തീരുമാനം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top