ad
Deshabhimani

മുത്തുകൃഷ്ണന്റെ മരണം: ക്യാമ്പസുകളില്‍ പ്രതിഷേധം പുകയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2017, 06:40 PM | 0 min read


ന്യൂഡല്‍ഹി > ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ദളിത് ഗവേഷകവിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍വകലാശാലയ്ക്കു സമീപം മുനീര്‍ക്കയിലെ സുഹൃത്തിന്റെ വസതിയിലാണ് സേലം സ്വദേശിയായ ഗവേഷകവിദ്യാര്‍ഥി മുത്തുകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയില്‍നിന്ന് നേരിട്ട കടുത്ത ജാതിവിവേചനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എംഫില്‍/പിഎച്ച്ഡി പ്രവേശനത്തിലും വൈ വവോസി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലും തുല്യത പുലര്‍ത്തുന്നില്ലെന്നായിരുന്നു മുത്തുകൃഷ്ണന്റെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റ്. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന മുത്തുകൃഷ്ണന്‍ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രക്ഷോഭപരിപാടികളില്‍ മുന്നണിയിലുണ്ടായിരുന്നു. മുത്തുകൃഷ്ണന്റെ ആത്മഹത്യയെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാന്‍ 'രോഹിത് വെമുല നിയമം' പാസാക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ വ്യക്തമാക്കി.

മുത്തുകൃഷ്ണന്‍ സംഘടനകളില്‍ സജീവമായിരുന്നില്ലെന്നും അധികൃതര്‍ക്ക് എതിരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിച്ച ശേഷം സുഹൃത്തിന്റെ വീട്ടിലേക്കുപോയ മുത്തുകൃഷ്ണന്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും  വിശ്വസിക്കാനായിട്ടില്ല. കൃത്യമായ രാഷ്ട്രീയനിലപാടുകളുള്ള മുത്തുകൃഷ്ണന്‍ ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് പ്രവേശനം നേടിയത് ഏറെ പ്രയാസപ്പെട്ടാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജെഎന്‍യുവിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് നേരത്തെയും ആക്ഷേപമുയര്‍ന്നിരുന്നു. നിരവധി കടമ്പകള്‍ താണ്ടിയെത്തുന്ന ദളിത് വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം നേരിടുന്നതും പതിവാണ്. ഈ സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ക്കുള്ള മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home