18 September Tuesday

ആർട്ടിക്കിൾ 35 എ റദ്ദാക്കിയെന്ന‌് വ്യാജപ്രചാരണം; കശ‌്മീരിൽ സംഘർഷം, 12 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ശ്രീനഗർ > ജമ്മു കശ‌്മീരിന‌് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 35 എ റദ്ദാക്കിയെന്ന കിവംദന്തിയെ തുടർന്ന‌് ശ്രീനഗറിലും ജമ്മുവിലും വ്യാപക സംഘർഷം. വ്യാജപ്രചാരണം പരന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തു. പലയിടങ്ങളിലും സുരക്ഷാ സൈനികരെ നാട്ടുകാർ ആക്രമിച്ചു. സംഘർഷത്തിൽ 12 പേർക്ക‌് പരിക്കേറ്റു. ശ്രീനഗർ, ജമ്മു കശ‌്മീർ, അനന്ത‌്നാഗ‌് എന്നിവിടങ്ങളിൽ ഹർത്താൽ ആചരിച്ചു.

കശ‌്മീരിലെ ജനതയ‌്ക്ക‌് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 35 എയ‌്ക്ക‌് നിയമസാധുതയില്ലെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ‌്. ഇതിനിടയിലാണ‌് ആർട്ടിക്കിൾ 35 എ റദ്ദാക്കിയെന്ന കിവംദന്തി പ്രചരിച്ചത‌്. ഇതോടെ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. പലയിടങ്ങളിലും സുരക്ഷാസൈനികർക്കും പൊലീസ‌് എയ‌്ഡ‌്പോസ്റ്റുകൾക്കുമെതിരെ വൻതോതിൽ കല്ലേറുണ്ടായി.

പ്രതിഷേധക്കാരെ നേരിടാൻ പൊലീസ‌് ലാത്തി വീശുകയും കണ്ണീർവാതകഷെല്ലുകൾ പ്രയോഗിക്കുകയും ചെയ‌്തു. അനന്ത‌്നാഗ‌്, പുൽവാമ, ഷോപ്പിയാൻ, ബുധ‌്ഗാം, സോപ്പോർ, ഗണ്ടേർബാൽ എന്നിവിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. സംഭവത്തെ തുടർന്ന‌് ജമ്മു കശ‌്മീരിന്റെ വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top