17 July Tuesday

ഇറാനിൽനിന്നുള്ള എണ്ണ വെട്ടിക്കുറയ്‌ക്കൽ : നേട്ടം അമേരിക്കയ്‌ക്ക്‌

എം പ്രശാന്ത്Updated: Friday Jul 13, 2018


ന്യൂഡൽഹി
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോഴും ട്രംപിന്റെ തീട്ടൂരത്തിന് വഴങ്ങി ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിച്ചുരുക്കുമ്പോൾ വൻസാമ്പത്തിക നേട്ടം കൊയ്യുന്നത‌്  അമേരിക്ക. പുതിയ സാഹചര്യത്തിൽ  അമേരിക്കയിൽനിന്ന‌് ക്രൂഡോയിൽ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യൻ എണ്ണ കമ്പനികൾ നിര്‍ബന്ധിതരായി.

ഈവർഷം ഇതുവരെയുള്ള കണക്കുപ്രകാരം യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി  ഇരട്ടിയായി. 2017ൽ 80 ലക്ഷം ബാരൽമാത്രം ഇറക്കുമതി ചെയ്തപ്പോൾ, 2018ലെ ആദ്യ ആറുമാസ കാലയളവിൽമാത്രം   ഇറക്കുമതി ഒന്നരക്കോടി ബാരലായി. ഇറാനുമേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചശേഷമുള്ള മെയ്, ജൂൺ കാലയളവിലാണ് അമേരിക്കയിൽനിന്ന്  ഇറക്കുമതി കുത്തനെ ഉയർന്നത്. മേയിൽ 47 ലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങിയപ്പോൾ, ജൂണിൽ 69 ലക്ഷം ബാരലായി. ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് സാധാരണനിലയിൽ ശുദ്ധീകരിക്കാൻ പ്രയാസമുള്ള വിഭാ​ഗത്തിൽപ്പെട്ട ക്രൂഡോയിലാണ് അമേരിക്കയിൽനിന്ന് എത്തുന്നത്.

നവംബറോടെ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി നിർത്തണമെന്നാണ് മോഡിസർക്കാരിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിരിക്കുന്ന നിർദേശം. ഇതുപ്രകാരം ഇറാൻഎണ്ണ വാങ്ങുന്നത് കുറയ്ക്കാൻ കേന്ദ്രം എണ്ണക്കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു.  ജൂണിൽ മാത്രം  16 ശതമാനം കുറച്ചു. മേയിൽ പ്രതിദിനം 7,05,200 ബാരൽ എണ്ണ വാങ്ങിയെങ്കിൽ, ജൂണിലത്  5,92,800 ബാരലായി. ആഭ്യന്തരവിപണിയിൽ എണ്ണവില തുടർച്ചയായി ഉയരുമ്പോഴാണ് വിലക്കയറ്റത്തിന് ആക്കംപകർന്ന് മോഡിസർക്കാരിന്റെ  യുഎസ് പ്രീണനം.

അമേരിക്കൻ നിർദേശത്തെതുടർന്ന് വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ വെട്ടിക്കുറച്ചു. വെനസ്വേലയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ 2018 ജൂൺവരെയുള്ള കാലയളവിൽ 21 ശതമാനത്തിന്റെ കുറവുവരുത്തി.

ഇന്ത്യ ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളിൽ ഇറാൻ മൂന്നാമതും വെനസ്വേല നാലാമതുമാണ്. അമേരിക്കയ‌്ക്കുമുന്നിൽ മുട്ടുമടക്കാൻ തയ്യാറാകാത്ത ഇറാന്റെയും വെനസ്വേലയുടെയും എണ്ണവരുമാനം കുറച്ച് സാമ്പത്തികമായി ഞെരുക്കാനുള്ള അമേരിക്കൻ നീക്കത്തിന്റെ പിണിയാളായി മാറുകയാണ് മോഡിസർക്കാർ.

ആഗോളവിപണിയിൽ എണ്ണവില ഉയർത്തുന്ന അമേരിക്കൻ നിലപാടിനെതിരെ  പല ലോകരാജ്യങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
അമേരിക്കൻ ക്രൂഡോയിലിന് പ്രത്യേക താരിഫ് ഈടാക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ഇറാൻ ഉപരോധനീക്കം അംഗീകരിക്കില്ലെന്നും ഇറാനിൽനിന്ന് കൂടുതൽ ക്രൂഡോയിൽ വാങ്ങുമെന്നും ചൈന വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള എണ്ണവിതരണം മുടക്കമില്ലാതെ സുരക്ഷിതമായി തുടരുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ വ്യാഴാഴ്ച വ്യക്തമാക്കി.
ആഗോള രാഷ്ട്രീയസാഹചര്യങ്ങളും എണ്ണവിതരണക്കാരുടെ വിശ്വാസ്യതയും കണക്കിലെടുത്ത് ഊർജപങ്കാളികളെ തെരഞ്ഞെടുക്കേണ്ടത് ഇന്ത്യതന്നെയാണെന്നും ഇറാൻ എംബസി വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top