14 December Friday

അലോക‌്‌ വർമയ‌്ക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് വൈകി ; സിവിസിക്ക‌് സുപ്രീംകോടതി വിമർശം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018


എം അഖിൽ
ന്യൂഡൽഹി
സിബിഐ ഡയറക്ടർ അലോക‌്‌ വർമയ‌്ക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട‌് സമർപ്പിക്കുന്നത‌് മനഃപൂർവം വൈകിച്ച കേന്ദ്രവിജിലൻസ‌് കമീഷന‌് (സിവിസി) സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ഞായറാഴ‌്ചയ‌്ക്കകം റിപ്പോർട്ട‌് നൽകാനായിരുന്നു നിർദേശം.തിങ്കളാഴ‌്ച കേസ‌് പരിഗണിച്ച അവസരത്തിലാണ‌് മുദ്ര വച്ച കവറിൽ റിപ്പോർട്ട‌് കൈമാറിയത‌്. നടപടി ശരിയായില്ലെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് വിമർശിച്ചു.ഇതൊടെ, സിവിസിക്ക‌് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത മാപ്പപേക്ഷിച്ചു. കേസിൽ വാദംകേൾക്കുന്നത‌് കോടതി വെള്ളിയാഴ‌്ചയിലേക്ക‌് മാറ്റി.

ഹൈദരാബാദിലെ വ്യവസായി സതീഷ‌്സനയിൽനിന്ന‌് അലോക‌്‌ വർമ രണ്ട‌് കോടി കൈപ്പറ്റിയെന്നാരോപിച്ച‌് സ‌ിബിഐ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്‌താന നൽകിയ പരാതിയിലെ ആരോപണങ്ങളെക്കുറിച്ചായിരുന്നു സിവിസി അന്വേഷണം. സുപ്രീംകോടതി നിർദേശപ്രകാരം മുൻ ജഡ‌്ജി എ കെ പട‌്നായിക്കിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

അന്വേഷണം ശനിയാഴ‌്ച പൂർത്തിയായതായി സോളിസിറ്റർ ജനറൽ തുഷാർമേത്ത തിങ്കളാഴ‌്ച കോടതിയെ അറിയിച്ചു. ഞായറാഴ‌്ച പകൽ 11.30ന‌കം റിപ്പോർട്ട‌് സമർപ്പിക്കാൻ സിവിസി ശ്രമിച്ചു. എന്നാൽ, നടപടിക്രമം പൂർത്തിയാകാൻ ഒരു മണിക്കൂർകൂടി താമസിച്ചു.  അപ്പോഴേക്കും സുപ്രീംകോടതി രജിസ‌്ട്രി അടച്ചു. ഇതിനാലാണ‌് കാലതാമസമുണ്ടായതെന്ന‌് സോളിസിറ്റർ ജനറൽ വാദിച്ചു.

എന്നാൽ, ഞായറാഴ‌്ച പകൽ 12.30 വരെ സുപ്രീംകോടതി രജിസ‌്ട്രി തുറന്നിരുന്നതായി ചീഫ‌്ജസ‌്റ്റിസ‌് ചൂണ്ടിക്കാണിച്ചു. റിപ്പോർട്ട‌് സമർപ്പിക്കാൻ വൈകുമെങ്കിൽ, അക്കാര്യം രജിസ‌്ട്രിയെ ആദ്യമേ അറിയിക്കണമായിരുന്നു. എല്ലാ രജിസ‌്ട്രാർമാരും  റിപ്പോർട്ട‌് ഫയൽ ചെയ്യുന്നതും പ്രതീക്ഷിച്ച‌് ഓഫീസിലുണ്ടായിരുന്നു. സിവിസിയുടെ ഭാഗത്ത‌് നിന്നും അറിയിപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ എത്രനേരം റിപ്പോർട്ട‌് ഫയൽ ചെയ്യുന്നതും നോക്കി ഉദ്യോഗസ്ഥർ കാത്തിരിക്കണമെന്നും ചീഫ‌് ജസ‌്റ്റിസ‌് ചോദിച്ചു.

അതേസമയം, സിബിഐ തലപ്പത്ത‌് അഴിച്ചുപണി നടത്താൻ പുലർച്ചെ രണ്ടിന‌് ഉത്തരവ‌് പുറപ്പെടുവിച്ച അധികൃതർ, അന്വേഷണ റിപ്പോർട്ട‌് ഫയൽ ചെയ്യാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന‌് കോമൺകോസിന‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത‌്ദവേ വാദിച്ചു.

അലോക‌്‌ വർമ അവധിയിൽ പ്രവേശിച്ചതിനെതുടർന്ന‌് താൽക്കാലിക ഡയറക്ടറായി നിയമിതനായ എം നാഗേശ്വരറാവു സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും സമർപ്പിച്ചു. രാകേഷ‌് അസ‌്താനയ‌്ക്ക‌് എതിരായ കോഴയാരോപണങ്ങൾ അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ എ കെ ബസ്സിയെ സ്ഥലംമാറ്റിയ നടപടിക്കെതിരായ ഹർജിയിൽ വാദംകേൾക്കാമെന്നും കോടതി അറിയിച്ചു.


പ്രധാന വാർത്തകൾ
Top