14 December Friday

പാക്‌ കൂടിക്കാഴ‌്ചയിൽനിന്ന‌് ഇന്ത്യ പിൻവാങ്ങി

എം പ്രശാന്ത‌്Updated: Saturday Sep 22, 2018

ന്യൂഡൽഹി
ന്യൂയോർക്കിൽ യുഎൻ പൊതുസഭയ‌്ക്കിടെ പാകിസ്ഥാൻ വിദേശമന്ത്രി ഷാ മെഹ‌്മൂദ‌് ഖുറേഷിയുമായി വിദേശമന്ത്രി സുഷ‌്മ സ്വരാജ‌് നടത്താന‌ിരുന്ന കൂടിക്കാഴ‌്ചയിൽനിന്ന‌് ഇന്ത്യ പിൻ‌‌വാങ്ങി. കശ‌്മീരിൽ ‌മൂന്ന‌് പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തിയതും ഹിസ‌്ബുൾ തീവ്രവാദി ബുർഹാൻ ‌വാനിയെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിച്ച‌് പാകിസ്ഥാൻ തപാൽ സ്റ്റാമ്പിറക്കിയതും ചൂണ്ടിക്കാട്ടിയാണ‌് പിന്മാറ്റം.

ഇന്ത്യ‐ പാക‌് ചർച്ച പുനരാരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച‌് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്ത‌് പരിഗണിച്ചാണ‌് കൂടിക്കാഴ‌്ചയ‌്ക്ക‌് ഇന്ത്യ സന്നദ്ധത അറിയിച്ചത‌്. എന്നാല്‍,  സംഭാഷണങ്ങൾക്കുള്ള പാകിസ്ഥാന്റെ നിർദേശത്തിന‌ു പിന്നിൽ ഒളിഞ്ഞുകിടക്കുന്ന ദുഷ്ടലാക്കാണ‌്  മറനീക്കി പുറത്തു‌വന്നതെന്ന് വെള്ളിയാഴ്ച വിദേശവക്താവ്‌ രവീഷ്‌ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്‌ചത്തെ പ്രഖ്യാപനത്തിന‌ുശേഷം ‌ദൗർഭാഗ്യകരമായ രണ്ട‌് സംഭ‌‌വവികാസമുണ്ടായി.അധികാരത്തിലെത്തി രണ്ടുമാസത്തിനുള്ളിൽത്തന്നെ പുതിയ പാക‌് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർഥ മുഖം ഇതോടെ ലോകത്തിന‌് ബോധ്യപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി നടത്തുന്ന ഏതൊരു സംഭാഷണ‌‌‌വും അർഥരഹിതമാണെന്നും രവീഷ‌് കുമാർ അറിയിച്ചു.

ബുർഹാൻ ‌വാനിയെ പ്രകീർത്തിച്ചുള്ള തപാൽ സ്റ്റാമ്പ‌് ജൂലൈ 24നാണ‌് പാക‌് തപാൽവകുപ്പ‌് പുറത്തിറക്കിയത‌്.


പ്രധാന വാർത്തകൾ
Top