Top
20
Monday, November 2017
About UsE-Paper

'എ തേര്‍ഡ് ഐ; സൊസൈറ്റി ഓണ്‍ റീല്‍സ് ': ഐഐടി മദ്രാസിലെ ഇടതു വിദ്യാര്‍ത്ഥി കൂട്ടായ്‌മ ചിന്താബാര്‍ ചര്‍ച്ച സംഘടിപ്പിച്ചു

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

ചെന്നൈ > ഐഐടി മദ്രാസിലെ ഇടതു വിദ്യാര്‍ത്ഥി കൂട്ടായ്‌മ ചിന്താബാര്‍ 'എ തേര്‍ഡ് ഐ; സൊസൈറ്റി ഓണ്‍ റീല്‍സ് ' എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചാപരിപാടിയില്‍ ശ്രദ്ധേയ ഡോക്യുമെന്ററി സംവിധായകരും ആക്ടിവിസ്റ്റുകളുമായ സ്റ്റാലിന്‍ കെ, ദിവ്യഭാരതി എന്നിവര്‍ പങ്കെടുത്തു. 

തോട്ടിപ്പണി ചെയ്തു ജീവിക്കേണ്ടിവരുന്ന ദലിത് തൊഴിലാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച വരച്ചുകാട്ടുന്ന ഇരുവരുടെയും ഡോക്യൂമെന്ററികളായ ലെസ്സര്‍ ഹ്യൂമന്‍സ്, കക്കൂസ് എന്നിവയുടെ പ്രസക്തഭാഗങ്ങളുടെ പ്രദര്‍ശനവും തുടര്‍ന്ന് ചര്‍ച്ചയും നടന്നു.

ജാതിവ്യവസ്ഥയുടെ ഏറ്റവും നഗ്നമായ രൂപങ്ങളെ തുറന്നുകാണിക്കുന്ന കക്കൂസിന്റെ റിലീസിനു ശേഷം പല വകുപ്പുകളിലായി ഏഴോളം പോലീസ് കേസുകളാണ് ദിവ്യഭാരതിക്കുമേല്‍ ചുമത്തപ്പെട്ടത് . കക്കൂസിന്റെ പ്രദര്‍ശനാനുമതി പലപ്രാവശ്യം തടസ്സപ്പെടുകയും ദിവ്യഭാരതിക്കു വധഭീഷണിയടക്കം നേരിടേണ്ടിയും വന്നിരുന്നു. കക്കൂസിന്റെ തമിഴ് നാട്ടിലെ ആദ്യ പ്രദര്‍ശനമാണ് ഐ ഐ ടി മദ്രാസില്‍ നടന്നതെന്നും , സ്വന്തം നാടായ മധുരയില്‍ പോലും കക്കൂസ് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും വിദ്യാഭാരതി പറഞ്ഞു .

ഇന്ത്യ അണ്‍ടച്ചഡ് എന്ന ഡോക്യൂമെന്ററിയിലൂടെ ശ്രദ്ധേയനായ സ്റ്റാലിന്‍ , ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു . ഒട്ടനവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്റ്റാലിന്‍ ഗുജറാത്ത് കലാപത്തെ പറ്റിയും ശ്രദ്ധേയമായ ഡോക്യൂമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നേരത്തെ സ്റ്റാലിന്റെ മറ്റൊരു പരിപാടിക്ക് ഐ ഐ ടി മദ്രാസ് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.