19 October Friday

'ഇതാണ് ഗുജറാത്ത് മോഡല്‍ വികസനം'; രാജ്യത്തെ അതിസമ്പന്നരില്‍ ആദ്യത്തെ അഞ്ച് പേര്‍ ഗുജറാത്തികള്‍, 1.47 ലക്ഷം അംഗനവാടി കുട്ടികള്‍ക്ക് പോഷകാഹാരം കിട്ടാത്തതും മോഡിയുടെ ഗുജറാത്തില്‍ തന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2017

ന്യൂഡല്‍ഹി > പണക്കാരുടെ സമ്പത്ത് വീണ്ടും വീണ്ടും കുമിഞ്ഞ് കൂടുകയും, പട്ടിണിക്കാരുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയും ചെയ്യുന്നതാണ് ബിജെപിക്കാര്‍ വിളംബരം ചെയ്യുന്ന് ഗുജറാത്ത് മോഡല്‍ വികസനം. തീര്‍ച്ചയായും മറ്റുള്ളവര്‍ മാതൃകയാക്കേണ്ടത് ഗുജറാത്ത് മോഡല്‍ വികസന പ്രവര്‍ത്തങ്ങളാണെന്ന് ബിജെപിക്കാര്‍ അവകാശപ്പെടുമ്പോള്‍  വസ്തുകള്‍ ഇങ്ങനെയാണ്,

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യത്തെ അഞ്ചു പേരും ഗുജറാത്തികളാണ്. മുകേഷ് അംബാനി, ദിലിപ് സംഗ്‌വി, ഗൗതം അദാനി, അസിം പ്രേംജി, പല്ലോന്‍ജി മിസ്ത്രി എന്നിവരാണ് ആദ്യ അഞ്ചില്‍ വരുന്നത്.  പതിനായിരക്കണക്കിന് കോടി രൂപയാണ് ഇവരുടെ സ്വകാര്യ ആസ്തി. സ്വത്തു വകകളും മറ്റും കൂട്ടുന്ന സമയത്ത് ഇനിയും തുകയില്‍ വന്‍ മാറ്റമുണ്ടാകും. പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഇഷ്ടക്കാരായ ഇവരുടെ സമ്പത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോടികളില്‍ നിന്നും കോടികളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. 

അതേസമയം, ഈ തരത്തില്‍  സാമ്പത്തികമായി പുരോഗതി കൈവരിച്ചെന്നവകാശപ്പെടുന്ന ഗുജറാത്തിലെ 43 ലക്ഷം വരുന്ന അംഗണവാടി കുട്ടികളില്‍ 1.47 ലക്ഷം കുട്ടികളാണ് ഗുരുതരമായ പോഷകാഹാര കുറവ് കൊണ്ട് വലയുന്നത്. സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച കണക്കു പ്രകാരം അഞ്ചു ജില്ലകളിലായി 46 താലൂക്കുകളിലെ കുട്ടികള്‍ പോഷകാഹാര കുറവ് അനുഭവിക്കുന്നുണ്ട്.  ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പാതന്‍ ജില്ലയിലാണ്. പോഷകാഹാര കുറവ് അനുഭവിക്കുന്ന 68 ശതമാനം കുട്ടികളും ഇവിടെ നിന്നുള്ളവരാണ്.

2015-16 ലെ സാമൂഹികസാമ്പത്തിക അവലോകനമനുസരിച്ച് മെയ് 2015 ല്‍ ഗുജറാത്ത് സര്‍ക്കാര്‍ പോഷകാഹാരക്കുറവ് നേരിടാന്‍ തീരുമാനിച്ച് പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ആവശ്യക്കാര്‍ക്ക് അതിന്റെ ഫലം എത്തിയില്ലെന്നതാണ് സത്യം. ശിശു പോഷകാഹാര ചികിത്സാലയങ്ങള്‍ അല്ലെങ്കില്‍ പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും എങ്ങുമെത്തിയില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ, കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വര്‍ധനവുണ്ടാവുകയും സാധരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്ന 'ഗുജറാത്ത് മോഡല്‍ വികസനം' തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരൂപകരുടെ നിരീക്ഷണം.

 

പ്രധാന വാർത്തകൾ
Top