Top
19
Sunday, November 2017
About UsE-Paper

ഗുജറാത്ത് തെരഞ്ഞെടുപ്പ്: തൊഴില്‍മേഖലകളിലും സര്‍ക്കാര്‍വിരുദ്ധ വികാരം

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഗുജറാത്തില്‍  ജാതിവിഭാഗങ്ങളുടെ അതൃപ്തിക്കൊപ്പം  തൊഴില്‍മേഖലകളികളില്‍ ശക്തിപ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരവും ബിജെപിക്ക് തലവേദനയാകുന്നു. കര്‍ഷകര്‍, പാര്‍ട്ട്ടൈം അധ്യാപകര്‍, ആശാ പ്രവര്‍ത്തകര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി പ്രക്ഷോഭരംഗത്താണ്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവാണ് കര്‍ഷകരെ പ്രകോപിപ്പിക്കുന്നത്. കറന്‍സി പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും ചെറുകിട വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയായി മാറി. ആശാ പ്രവര്‍ത്തകരും പാര്‍ട്ട്ടൈം അധ്യാപകരുമാകട്ടെ തൊഴില്‍സുരക്ഷ, വേതനവര്‍ധന തുടങ്ങിയ  ആവശ്യങ്ങളുയര്‍ത്തി സമരമുഖത്താണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ശമ്പളവര്‍ധന അടക്കമുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തി ആശാ പ്രവര്‍ത്തകരുടെയുംമറ്റും രോഷം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും താങ്ങുവിലയില്‍ വര്‍ധനയും പ്രഖ്യാപിച്ചു.  വോട്ട് മാത്രം മുന്നില്‍ കണ്ടുള്ള ഈ നടപടികളില്‍ കര്‍ഷകരും ആശാ പ്രവര്‍ത്തകരും തൃപ്തരല്ല. സൂറത്തിലും മറ്റുമുള്ള ചെറുകിട വ്യാപാരികളും പ്രക്ഷോഭ പാതയില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഗുജറാത്തില്‍ അരലക്ഷത്തോളം ആശാ പ്രവര്‍ത്തകരാണുള്ളത്. ഇവരുടെ വേതനത്തില്‍ അമ്പത് ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്. ഇതോടൊപ്പം എല്ലാവര്‍ക്കും സാരി വാഗ്ദാനവുമുണ്ട്. എന്നാല്‍, തൊഴില്‍സ്ഥിരത, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവാവധി തുടങ്ങി ആശാ പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്ന ഗൌരവമുള്ള ആവശ്യങ്ങളൊന്നുംതന്നെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  തങ്ങളുടെ സംഖ്യ ചെറുതല്ലെന്നും കുടുംബമൊന്നടങ്കം ബിജെപിക്കെതിരായി വോട്ടുചെയ്യുമെന്നും ആശാ പ്രവര്‍ത്തകരുടെ സംഘടനാനേതാവായ തനൂജ മക്ക്വാന പറഞ്ഞു.

 ബിജെപിക്കെതിരായി പ്രചാരണം നടത്താനുള്ള ആശാ പ്രവര്‍ത്തകരുടെ തീരുമാനം ഗ്രാമീണമേഖലകളില്‍ വോട്ടെടുപ്പിനെ സ്വാധീനിക്കും. വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റാലിക്കിടെ വളകളെറിഞ്ഞ് ആശാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ദേശീയമാധ്യമങ്ങളുടെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

Related News

കൂടുതൽ വാർത്തകൾ »