19 October Friday

പാളിയത് കോണ്‍ഗ്രസിന്റെ 'ഹിന്ദുത്വ' പ്രചാരണം

എം പ്രശാന്ത്Updated: Tuesday Dec 19, 2017

ന്യൂഡല്‍ഹി > ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ തീവ്രമായ പ്രചാരണത്തിലൂടെ വോട്ടാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പരാജയപ്പെട്ടു. ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസന അവകാശവാദങ്ങളുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നതിന് പകരം സംഘപരിവാറിന് സമാനമായി തങ്ങളും ഒരു ഹൈന്ദവ സംഘടനയാണെന്ന പ്രതീതി പരത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുവേളയില്‍ അമ്പലങ്ങള്‍ കയറിയിറങ്ങിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണ നാടകം പാളിപ്പോയെന്ന് ഗുജറാത്ത് ഫലം തെളിയിക്കുന്നു. മാത്രമല്ല കുറേക്കൂടി തീവ്രമായി വര്‍ഗീയത പറയുന്നതിനുള്ള അവസരം കോണ്‍ഗ്രസ് തന്നെ ബിജെപിക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്തു.

ഗുജറാത്തില്‍ സംഘടനാപരമായി ഏറെ ദുര്‍ബലപ്പെട്ട നിലയിലായിരുന്നെങ്കിലും ഹാര്‍ദിക്ക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നീ യുവനേതാക്കളുടെ വിവിധ ജാതിവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള രംഗപ്രവേശം കോണ്‍ഗ്രസിന് അനുകൂല സാഹചര്യമൊരുക്കിയിരുന്നു. ജിഎസ്ടി നടത്തിപ്പിലെ പാളിച്ച, നോട്ട് പിന്‍വലിക്കല്‍ സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച മാന്ദ്യം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങി മറ്റ് വിഷയങ്ങളും കോണ്‍ഗ്രസിന് പ്രചാരണായുധങ്ങളായി ലഭിച്ചു. അല്‍പേഷിനെ കൈപ്പത്തി ചിഹ്നത്തിലും ജിഗ്നേഷിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായും രംഗപ്രവേശം ചെയ്യിച്ച കോണ്‍ഗ്രസ് ഹാര്‍ദിക്ക് പട്ടേലിന്റെ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിന്റെയും അഹമ്മദ് പട്ടേലിന്റെയും കരുനീക്കങ്ങളാണ് മൂന്ന് യുവനേതാക്കളുടെ യോജിപ്പിന് വഴിവച്ചത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മേല്‍ക്കൈ നേടാന്‍ ഈ നീക്കങ്ങള്‍ കോണ്‍ഗ്രസിന് വഴിയൊരുക്കി. ഇതോടെ വികസന വായ്ത്താരി അവസാനിപ്പിച്ച ബിജെപി പതിവുപോലെ വര്‍ഗീയത അജന്‍ഡയാക്കി. അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രചരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഹാര്‍ദിക്ക്- അല്‍പേഷ്- ജിഗ്നേഷ് കൂട്ടിനെ ഹജ് എന്ന് വിശേഷിപ്പിച്ചും റുപാനി-അമിത് ഷാ- മോഡി കൂട്ടിനെ രാം എന്ന് വിശേഷിപ്പിച്ചും പ്രചാരണമുണ്ടായി. രാഹുല്‍ ഹിന്ദുവല്ലെന്നും ബാബ്റി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് എന്താണെന്നും മറ്റും ആരാഞ്ഞ് ബിജെപി ഫലപ്രദമായി സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റി. ഈ കെണിയില്‍ വീണ കോണ്‍ഗ്രസ് തങ്ങളും ഒരു ഹിന്ദുപാര്‍ടി തന്നെയെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി. 

രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന സംഘപരിവാറിന്റെ ദളിത്- ന്യൂനപക്ഷ വേട്ടയ്ക്കെതിരായ നിലപാട് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചില്ല. രാജസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗക്കാരനെന്ന ഒറ്റക്കാരണത്താല്‍ ബംഗാളില്‍നിന്നുള്ള തൊഴിലാളി കൊലചെയ്യപ്പെട്ടത് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേളയിലാണ്. ഈ സംഭവം അറിഞ്ഞതായിപ്പോലും രാഹുല്‍  ഭാവിച്ചില്ല. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത ആഘാതമായി ഈ ചുവടുമാറ്റം. കോണ്‍ഗ്രസ് ഈ വിധം ഹൈന്ദവാനുഭാവം പ്രകടമാക്കി തുടങ്ങിയതോടെ മോഡിയും അമിത് ഷായും തങ്ങളും വര്‍ഗീയ അജന്‍ഡയെ കൂടുതല്‍ തീവ്രമാക്കി. ഒന്നാം ഘട്ടത്തിനുശേഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും മുന്‍ പ്രധാനമന്ത്രി അതിന് കൂട്ടുനിന്നുവെന്ന ആരോപണവും മോഡി ഉന്നയിച്ചു. തന്നെ ഇല്ലാതാക്കാനും അതുവഴി ഗുജറാത്തിനെയും ഇന്ത്യയെയും ഇല്ലാതാക്കാനുമാണ് ശ്രമമെന്നും മോഡി അവകാശപ്പെട്ടു.
ബിജെപിയെ രാഷ്ട്രീയമായി ആക്രമിക്കാന്‍ കോണ്‍ഗ്രസ് മടിച്ചപ്പോള്‍ ഹാര്‍ദിക്കും ജിഗ്നേഷും മറ്റുമാണ് അതിന് തയ്യാറായത്. നഗരമേഖലകളില്‍ ബിജെപി സ്വാധീനം നിലനിര്‍ത്തിയത് കോണ്‍ഗ്രസിന്റെ പാളിയ ഹിന്ദുത്വ അജന്‍ഡയ്ക്ക് തെളിവാണ്. മറുഭാഗത്ത് ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കുകയും ചെയ്തു. ബിജെപിയുടെ വര്‍ഗീയതയെ മതനിരപേക്ഷത ഉയര്‍ത്തിത്തന്നെ ചെറുക്കണമെന്ന പാഠമാണ് ഗുജറാത്ത് കോണ്‍ഗ്രസിന് നല്‍കുന്നത്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top