25 September Tuesday

2 മാസത്തിനിടെ 2,000 കോടി നികുതിവെട്ടിപ്പ് ; ജിഎസ്ടിയില്‍ വന്‍ ചോര്‍ച്ച

സ്വന്തം ലേഖകൻUpdated: Thursday Jun 28, 2018

ന്യൂഡൽഹി > ചരക്കുസേവനനികുതി (ജിഎസ്‌ടി) വിജയകരമായി നടപ്പാക്കിയെന്ന പ്രധാനമന്ത്രിയുടെ വീരവാദം പൊള്ളത്തരം.  രണ്ട് മാസക്കാലയളവിൽ 2,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.ആകെ രജിസ്റ്റർ ചെയ്‌ത 1.11 കോടി സംരഭകരിൽ ഒരു ശതമാനത്തോളം പേർ മാത്രമാണ് 80 ശതമാനം നികുതി അടച്ചത‌്.  ചുരുങ്ങിയ കാലയളവിലുണ്ടായ ഭീമമായ നികുതിവെട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ജിഎസ്ടി അന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകി.

നികുതിവരുമാനം അടയ്ക്കുന്ന രീതി വിശകലനംചെയ്‌താൽ ഗുരുതരമായ അവസ്ഥാവിശേഷം വ്യക്തമാകുമെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടർ ജനറലും കേന്ദ്ര പരോക്ഷനികുതി‐കസ്റ്റംസ് ബോർഡ് (സിബിഐസി) അംഗവുമായ ജോൺജോസഫ് ചൂണ്ടിക്കാട്ടി. ബഹുരാഷ്ട്രകമ്പനികളും വൻകിട കോർപറേറ്റുകളും ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വൻവീഴ‌്ച വരുത്തി.

ഒരുകോടിയിലധികം സംരംഭകർ രജിസ്റ്റർ ചെയ്തെങ്കിലും ഒരുലക്ഷത്തോളം പേരാണ് 80 ശതമാനത്തിൽ കൂടുതൽ നികുതി അടയ്ക്കുന്നത്. നികുതിയിളവ്പദ്ധതി പ്രകാരം 1.5 കോടിയിൽ താഴെ വരുമാനമുള്ള ഉൽപ്പാദകർക്കും വ്യാപാരികൾക്കും നികുതിനിരക്ക് കുറച്ചുനൽകിയിട്ടുണ്ട്.

എന്നാൽ, പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്‌ത കൂടുതൽ വ്യാപാരികളും അവരുടെ വരുമാനം അഞ്ച് ലക്ഷത്തിന് താഴെയാണെന്ന് അവകാശപ്പെടുന്നുണ്ട്.
ഈ അവകാശവാദം ശരിയാണോയെന്ന് കൃത്യമായി പരിശോധിക്കാനാകുന്നില്ല. വ്യാജ ഇൻവോയ്സുകളുടെ അടിസ്ഥാനത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ഇല്ലാത്ത കയറ്റുമതിയുടെ പേരിൽ ജിഎസ്ടി റീഫണ്ടും അവകാശപ്പെടുന്നവരുമുണ്ട്. സർക്കാർ ധനം  ജിഎസ്ടിയുടെ പേരിൽ പലവഴിയിലൂടെ വെട്ടിക്കപ്പെടുന്നതായാണ് തെളിയുന്നത്.

2017 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവന്ന ജിഎസ്ടി ലോകത്തെ ഏറ്റവും സങ്കീർണമായ നികുതിഘടനയെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോർട്ടിലടക്കം വിമർശനമുണ്ട്‌്.

ഉയർന്ന നികുതിനിരക്കിന് പുറമെ കൂടുതൽ നികുതിനിരക്കുകൾ ഉപയോഗിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. 49 രാജ്യങ്ങൾ ഒറ്റ സ്ലാബും 28 രാജ്യങ്ങൾ രണ്ട് സ്ലാബും ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ മാത്രമാണ് നാല് സ്ലാബുകൾ ഉപയോഗിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top