22 October Monday

അഭിപ്രായ സ്വാതന്ത്ര്യം നല്‍കാത്ത സര്‍ക്കാരിന്റെ പുരസ്‌കാരം വേണ്ട; കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് ഇങ്ക്വിലാബിന്റെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

ന്യുഡല്‍ഹി > അഭിപ്രായ സ്വാതന്ത്ര്യം നല്‍കാത്ത സര്‍ക്കാരിന്റെ പുരസ്‌കാരം വേണ്ടെന്ന് കവി ഷാഹുല്‍ ഹമീദിന്റെ കുടുംബം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍  അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരില്‍ നിന്നും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വാങ്ങില്ലെന്നാണ് തമിഴ് കവിയും എഴുത്തുകാരനുമായിരുന്ന 'ഇങ്ക്വിലാബ്' എന്ന പേരില്‍ അറിയപ്പെടുന്ന  ഷാഹുല്‍ ഹമീദിന്റെ കുടുംബം വ്യക്തമാക്കിയത്.

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടിയാണ് അദ്ദേഹം എല്ലായ്പ്പോഴും ശബ്ദിച്ചിട്ടുള്ളത്. അങ്ങനെയാണ് സമൂഹത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചതും, അവാര്‍ഡുകള്‍ പ്രതീക്ഷിച്ചായിരുന്നില്ല കൃതികള്‍ എഴുതിയത്. സര്‍ക്കാരുകള്‍ അദ്ദേഹത്തിന് സമ്മാനിച്ചിട്ടുള്ളത് വിചാരണകളും അറസ്റ്റുമായിരുന്നു. മകള്‍ ആമിന ബര്‍വിന്‍ പറഞ്ഞു.

  അധികാരത്തെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ ക്രൂരമായി ഈ സര്‍ക്കാര്‍ നിശബ്ദരാക്കുന്നു. ഈ ഗവണ്‍മെന്റില്‍ നിന്നും പുരസ്‌കാരം വാങ്ങിയാല്‍ അച്ഛനോടും അദ്ദേഹത്തിന്റെ എഴുത്തുകളോടും ചെയ്യുന്ന വഞ്ചനയായി മാറുമത്; ആമിന കൂട്ടിച്ചേര്‍ത്തു. 1980ല്‍ തമിഴ്‌നാട്ടിലെ പെരമ്പൂര്‍ ജില്ലയിലെ കോലപ്പടി ഗ്രാമത്തില്‍ ദളിത് കുട്ടികള്‍ പൊതുകിണറില്‍ നിന്നും വെള്ളം കുടിച്ചതിന് കൊല്ലപ്പെടുകയുണ്ടായി.എന്നാല്‍ കേസില്‍, മരിച്ചവരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഇങ്ക്വിലാബ് 'മനുസങ്ക ഡാ'(ഞങ്ങളും മനുഷ്യരാണ്) എന്ന കവിത എഴുതിയിരുന്നു. തമിഴ്‌നാട്ടില്‍ ദളിത് മുന്നേറ്റത്തിന്റെ ഗാനമായി പിന്നീട് ഇത് മാറുകയായിരുന്നു. ഇങ്ക്വിലാബിന്റെ കാണ്ഡല്‍ നാള്‍കള്‍ (ജ്വലിക്കുന്ന നാളുകള്‍) എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചിരുന്നത്. കവിതകള്‍ക്കൊപ്പം രാഷ്ട്രീയ പ്രാധാന്യമേറിയ ചെറു കഥകളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top