ഇപിഎഫില്‍ ഉയര്‍ന്ന വിഹിതം അടയ്ക്കുന്നവര്‍ക്ക് കൂടിയ പെന്ഷന്

ന്യൂഡല്‍ഹി > ഇപിഎഫ് വരിക്കാരില്‍ 6500 രൂപയെന്ന പരിധിക്കപ്പുറം യഥാര്‍ഥ ശമ്പളത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ഉറപ്പാക്കിയുള്ള വിജ്ഞാപനം ഇപിഎഫ്ഒ പുറപ്പെടുവിച്ചു. ഇപിഎഫ് പെന്‍ഷന് 6500 രൂപ അടിസ്ഥാന ശമ്പളമെന്ന പരിധി 2014ല്‍ 15000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. പല സ്ഥാപനങ്ങളും നിയമത്തില്‍ പറയുന്ന അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കുന്നത്. എന്നാല്‍, ഇതിലും ഉയര്‍ന്ന അടിസ്ഥാന ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ ചിലത് യഥാര്‍ഥ ശമ്പളത്തിന്റെ 8.33 ശതമാനംതന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാറുണ്ട്. ഇത്തരം ജീവനക്കാര്‍ക്ക് വിരമിച്ചുകഴിഞ്ഞാല്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുംവിധമുള്ള മാറ്റമാണ് പുതിയ വിജ്ഞാപനത്തിലൂടെ ഇപിഎഫ്ഒ വരുത്തിയത്.
യഥാര്‍ഥ ശമ്പളത്തിന്റെ 8.33 ശതമാനം തുകതന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ച പലര്‍ക്കും എന്നാല്‍ അതിനനുസൃതമായ തുക പെന്‍ഷനായി ലഭിച്ചിരുന്നില്ല. ഇവരില്‍ പലരും സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇത്തരത്തില്‍ ഉയര്‍ന്ന തുക അടയ്ക്കുന്നവര്‍ക്ക് അതിന് അനുസൃതമായ പെന്‍ഷന്‍ നല്‍കാന്‍ 2014ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസം ബംഗളൂരുവില്‍ ചേര്‍ന്ന ഇപിഎഫ്ഒ യോഗം ഈ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരിഷ്കരിച്ച വിജ്ഞാപനം ഇപിഎഫ്ഒ വ്യാഴാഴ്ച പുറപ്പെടുവിച്ചത്.
ഇതോടെ ഉയര്‍ന്ന തുക പെന്‍ഷന്‍ഫണ്ടിലേക്ക് അടച്ചവര്‍ക്കും ഇപ്പോള്‍ അടച്ചുവരുന്നവര്‍ക്കും കൂടിയ പെന്‍ഷന്‍ കിട്ടുന്നതിന് സാഹചര്യമൊരുങ്ങുകയാണ്. എന്നാല്‍, നിയമപ്രകാരമുള്ള 6500 രൂപയോ ഇപ്പോഴത്തെ 15,000 രൂപയോതന്നെ അടിസ്ഥാനശമ്പളമായി കണക്കാക്കി ഇപിഎഫിലേക്ക് 8.33 ശതമാനം വിഹിതം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ വിജ്ഞാപനത്തിന്റെ ആനുകൂല്യം ലഭിക്കില്ല. നിലവില്‍ ഉയര്‍ന്ന അടിസ്ഥാന ശമ്പളം കൈപ്പറ്റിയിട്ടും 15000 രൂപ കണക്കാക്കി വിഹിതമടയ്ക്കുന്നവര്‍ക്ക് ഉയര്‍ന്ന വിഹിതത്തിലേക്ക് മാറുന്നതിന് തൊഴിലുടമയുമായി ധാരണയാക്കി ഉയര്‍ന്ന വിഹിതം അടയ്ക്കാം.
പരിഷ്കരിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചതായി തൊഴില്‍മന്ത്രി ബണ്ഡാരു ദത്താത്രേയ ലോക്സഭയില്‍ അറിയിച്ചു. ഇപിഎഫ് പെന്‍ഷന്‍കാരുടെ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും മറ്റും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന സ്വകാര്യ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ഇടപെട്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.










0 comments