Top
28
Tuesday, March 2017
About UsE-Paper
ഉത്തരവ് ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിയില്‍

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

Wednesday Jan 11, 2017
എം അഖില്‍


ന്യൂഡല്‍ഹി > കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരവിതരണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കണം. കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നുമാസത്തിനകം പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കൈമാറണം. ആജീവനാന്ത വൈദ്യസഹായം  അനുവദിക്കണം. നിശ്ചിതകാലയളവിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ഇരകള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം- ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എന്‍ വി രമണയും അംഗങ്ങളായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ സംഘടനയായ സെന്‍ട്രല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് അഗ്രോ കെമിക്കല്‍സിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 2012ലെ വിജ്ഞാപനപ്രകാരമുള്ള പാക്കേജിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് തീര്‍പ്പാക്കിയതാണെന്നും പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അറിയിച്ചു. നഷ്ടപരിഹാരം കൈമാറാന്‍ താമസമെന്തെന്ന് കോടതി ചോദിച്ചു. സംസ്ഥാനം പ്രഖ്യാപിച്ച തുകവിതരണം പുരോഗമിക്കുന്നുണ്ടെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ്അറിയിച്ചു. അയ്യായിരത്തിലധികം പേരെ പല വിഭാഗങ്ങളായി തിരിച്ച്, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നഷ്ടപരിഹാരം നല്‍കുകയാണ്. നഷ്ടപരിഹാരത്തിനും മറ്റ് ക്ഷേമപദ്ധതികള്‍ക്കുമായി 2016 ഏപ്രിലില്‍ കേന്ദ്രത്തോട് 483 കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന് മാത്രമാണോ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയെന്ന് കോടതി ആരാഞ്ഞു. ക്ഷേമരാഷ്ട്രത്തില്‍ പ്രയാസം നേരിടുന്ന ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ട്. വിഹിതം നല്‍കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്- ബെഞ്ച് അഭിപ്രായപ്പെട്ടു.

മാരകകീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരെ 2011ലാണ് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന്, എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനവും ഉപയോഗവും നിരോധിച്ചു. ജീവിതകാലംമുഴുവന്‍ പ്രയാസം നേരിടേണ്ട ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐയുടെ അഭിഭാഷകരായ കൃഷ്ണന്‍ വേണുഗോപാലും ദീപക് പ്രകാശും വാദിച്ചു. എന്‍ഡോസള്‍ഫാന്‍ വിപത്തിനെക്കുറിച്ച് ഉത്തമബോധ്യമുണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. അവര്‍ക്ക് നഷ്ടപരിഹാരത്തില്‍ കാലതാമസം പാടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. 2012ല്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ ചിത്രം ഉപയോഗിച്ച് പത്രപരസ്യം നല്‍കിയ സംഭവത്തില്‍, എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകരുടെ സംഘടനയ്ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും തീരുമാനിച്ചു. ഏറെ ഗൌരവമുള്ള വിഷയത്തില്‍ ഗുരുതരനടപടി നേരിടേണ്ടി വരുമെന്ന് സംഘടനയ്ക്ക് മുന്നറിയിപ്പും നല്‍കി.

Related News

കൂടുതൽ വാർത്തകൾ »