Top
16
Saturday, December 2017
About UsE-Paper

വൈദ്യുതി മേഖല വിഭജനം: കേന്ദ്രം പിന്തിരിയണം

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > വൈദ്യുതിവിതരണ മേഖല വിഭജിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരളം ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്. കേന്ദ്രനീക്കം വൈദ്യുതി മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി യോഗത്തില്‍ പറഞ്ഞു. കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങിന്റെ അധ്യക്ഷതയിലാണ്  മന്ത്രിമാരുടെ യോഗം ചേര്‍ന്നത്.

2014ലെ വൈദ്യുതി ഭേദഗതി ബില്ലില്‍ വൈദ്യുതിമേഖലയെ വിഭജിക്കാന്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി എം എം മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉല്‍പാദനവും പ്രസരണവും വേര്‍തിരിക്കാനാണ് നീക്കം. വൈദ്യുതോല്‍പ്പാദന രംഗത്തുള്ള സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് ഈ നീക്കം. സ്വകാര്യകുത്തകകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വൈദ്യുതിമേഖല തുറന്നുകൊടുക്കുന്നത് ശരിയല്ല. മേഖലയെ പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കാനാണ് കേന്ദ്ര ശ്രമം. ഇതിനോട് കേരളത്തിന് യോജിപ്പില്ല. മറ്റ് സംസ്ഥാനങ്ങളും സമാന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ബില്ലിനെതിരായി പാര്‍ലമെന്റിലും എതിര്‍പ്പ് ഉയര്‍ന്നുവരണം.
വൈദ്യുതി മേഖല വിഭജിക്കുന്നത് സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാക്കുന്ന സ്ഥിതിയുണ്ടാക്കും.

പൊതുമേഖലയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരം നല്‍കണം.വിഷയംചര്‍ച്ചചെയ്യാന്‍പ്രത്യേകയോഗം വിളിക്കണം. ഭേദഗതി ബില്ലിലെ ഓരോ വകുപ്പും പ്രത്യേകം ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രത്തിന് കൈമാറിയ കുറിപ്പില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചതുകൊണ്ട് ഈ മേഖലയില്‍ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങള്‍ നിഷേധിക്കരുതെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. സൗഭാഗ്യ അടക്കമുള്ള പദ്ധതികളില്‍നിന്ന് സഹായം ലഭിക്കുംവിധം നിബന്ധനകളില്‍ ആവശ്യമായ മാറ്റം വരുത്തണം. 25 മെഗാവാട്ട്  വരെയുള്ള ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത 25 മെഗാവാട്ടില്‍ കൂടിയ നിലയങ്ങള്‍ക്കുകൂടി സഹായം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.

സോളാര്‍ വൈദ്യുതി പോലെ ചെലവ് കൂടിയ പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണം.
പ്രസരണരംഗം ശക്തിപ്പെടുത്തുന്നതിനുള്ള ട്രാന്‍സ്ഗ്രിഡ് 02 പദ്ധതിക്ക് കൂടുതല്‍ ധനസഹായം അനുവദിക്കണം. പതിനായിരം കോടി ചെലവ് വരുന്ന പദ്ധതിക്ക് നിലവില്‍ 400 കോടി രൂപയാണ് കേന്ദ്രസഹായം. ഇത് വര്‍ധിപ്പിക്കണം മന്ത്രി പറഞ്ഞു.