19 April Thursday

ഡോക്‌ടര്‍മാരുടെ സമരം: വയനാട്ടില്‍ ചികിത്സ ലഭിക്കാതെ ആദിവാസി സ്‌ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

മാനന്തവാടി >  ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരിച്ചു. എടവക രണ്ടേ നാല്‍ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61) യാണ് മരിച്ചത്.

പനിയും ഛര്‍ദ്ദിയും മൂലം അവശ നിലയിലായ ചപ്പയെ തിങ്കളാഴ്ച പകല്‍ ഒമ്പതരയോടെ  ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കിടത്താന്‍ ബെഡില്ലെന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ചാപ്പയ്ക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. മരുന്ന് കഴിച്ചിട്ടും അസുഖം കുറവില്ലെങ്കില്‍ വരണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ തിരികെ വീടെത്തിയ ഉടന്‍ ചപ്പ കുഴഞ്ഞ് വീഴുകയും ആശുപത്രി മാര്‍ഗ്ഗ മധ്യേ മരിക്കുകയായിരുന്നു.

മൃതദേഹം ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സമരത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ 11 ഒപി കളാണ് മുടങ്ങിയത്. രോഗികള്‍ക്ക് കഴിഞ്ഞദിവസം മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top