21 September Friday

കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു; തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

ചെന്നൈ >  ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന  എം കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. പരമാവധി മെഡിക്കല്‍ സഹായം നല്‍കിയിട്ടും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും കാവേരി ആശുപത്രി പുറത്ത്‌വിട്ട മെഡിക്കല്‍  ബുള്ളറ്റിനില്‍ പറയുന്നു. 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു.

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്ത വാര്‍ത്ത പുറത്ത് വന്നതിനെതുടര്‍ന്ന്  ആശുപത്രി പരിസരം പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് പൊലീസിന് ഡിജിപി ജാഗ്രതാനിര്‍ദേശം നല്‍കി. കാവേരി ആശുപത്രിക്ക് പരിസരത്ത് 1200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ പൊലീസുകാരോടും യൂണിഫോമില്‍ ഹാജരാകാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി. കനിമൊഴി, എം കെ അഴഗിരി, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
Top