21 October Sunday

ദളിത് വേട്ട, കലാപം : മഹാരാഷ്‌ട്രയില്‍ ഇന്ന് ബന്ദ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

# മഹാരാഷ്ട്രയില്‍ ദളിത് പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചപ്പോള്‍

പുണെ > മഹാരാഷ്ട്രയില്‍ ദളിതര്‍ക്കുനേരെ ഹിന്ദുത്വശക്തികളുടെ പിന്തുണയോടെ നടന്ന ആക്രമണം കലാപമായി മാറിയതോടെ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ സ്തംഭിച്ചു. മറാത്ത ദളിത് മുന്നേറ്റത്തിന്റെ പ്രതീകമായ കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുണെയിലെ കൊറെഗാവ് ഭീമയിലെ സ്മാരകഭൂമിയിലെത്തിയ ആയിരക്കണക്കിന് ദളിതര്‍ക്കുനേരെ കാവിക്കൊടികളുമേന്തിയെത്തിയ സംഘം കല്ലേറു നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 28കാരന്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരമാണ്. സംഘര്‍ഷം ചൊവ്വാഴ്ചയോടെ സമുദായിക കലാപമായി പടര്‍ന്നതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടച്ചു. ട്രെയിന്‍-എക്സ്പ്രസ്വേ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കലാപം പടര്‍ന്നു. പലയിടത്തും രാത്രിയും കല്ലേറും അക്രമവും തുടര്‍ന്നു. ദളിതരുടെ നൂറിലേറെ വാഹനവും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു.

മറാത്ത സേനയ്ക്കുമേല്‍ ദളിത് സേന നേടിയ വിജയത്തിന്റെ വാര്‍ഷികം ദളിത് സംഘടനകള്‍ ആഘോഷിക്കുന്നതില്‍ അഖില ഭാരതീയ ഹിന്ദുസഭ അടക്കമുള്ള മറാത്തയിലെ മേല്‍ജാതിക്കാരുടെ സംഘടനകള്‍ക്കുള്ള എതിര്‍പ്പാണ് ദളിത് ആക്രമണത്തില്‍ കലാശിച്ചത്. വിജയ്ദിവസ് ആചരിക്കാന്‍ അഞ്ചുലക്ഷത്തോളം ദളിതരാണ് ഭീമയിലേക്ക് എത്തിയത്. യുദ്ധവാര്‍ഷിക വിജയത്തെ എതിര്‍ക്കുമെന്ന് അറിയിച്ച് വിവിധ മറാത്ത മേല്‍ജാതി സംഘടനകള്‍ പുണെയില്‍ ആഴ്ചകള്‍ക്കു മുമ്പ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ദളിത് സമ്മേളനത്തിന് സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ തയ്യാറായില്ല.

ആക്രമണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ദളിത് സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. ഇതിനിടെ, പ്രതിഷേധക്കാരിലൊരാള്‍ ആത്മഹത്യക്ക് തുനിഞ്ഞെങ്കിലും രക്ഷിക്കാനായി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഭാരിപ ബഹുജന്‍ മഹാസംഘിന്റെ (ബിബിഎം)നേതൃത്വത്തില്‍ ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര ഡെമോക്രാറ്റിക് ഫ്രണ്ട്, മഹാരാഷ്ട്ര ലെഫ്റ്റ് ഫ്രണ്ട് എന്നിവയടക്കം 250 സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ എല്ലാ ഇടതുസംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ മറാത്ത മേല്‍ജാതി സംഘടനയായ സംഭാജി ബ്രിഗേഡ്, ഹിന്ദു ഏക്താ അഖാഡി, ശിവ്രാജ് പ്രതിഷ്ഠാന്‍ തുടങ്ങിയ സംഘടനകളാണെന്നും അക്രമം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബി ആര്‍ അംബേദ്കറുടെ ചെറുമകനും ബിബിഎം നേതാവുമായ പ്രകാശ് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. കലാപകാരികള്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ തന്ത്രപരമായ പിന്തുണയുണ്ടെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദളിത് സമ്മേളനം മുന്‍കൂട്ടിക്കണ്ട് ഈ മേഖല സന്ദര്‍ശിച്ച മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളാണ് കലാപത്തിന് കോപ്പുകൂട്ടിയതെന്ന വിവരങ്ങളും പുറത്തുവന്നു. കൊറേഗാവ് ഭീമയിലെ സ്മാരകഭൂമിയിലേക്ക് ദളിതര്‍ പോകുന്നത് തടസ്സപ്പെടുത്തി കല്ലേറു നടത്തിയവരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സംഘര്‍ഷത്തില്‍ മുംബൈ സ്വദേശിയായ രാഹുല്‍ ഭട്ടാംഗ്ളെ (28)യാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട നൂറിലേറെപ്പേരെ അറസ്റ്റുചെയ്തു. 

കലാപം പടരാതിരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്-മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി. സുരക്ഷാസേനയുടെ ആറ് കമ്പനിയെ വിന്യസിച്ചു. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സംഘര്‍ഷത്തെപ്പറ്റി ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. യുവാവിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദളിതര്‍ക്കെതിരായ കലാപം തടയുന്നതില്‍ ബിജെപി-ശിവസേന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 കൊറേഗാവ് യുദ്ധവിജയം

1818ല്‍ നടന്ന കൊറേഗാവ് യുദ്ധത്തില്‍ പുണെ കീഴ്‌പ്പെടുത്താനെത്തിയ മറാത്ത സേന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ദളിത് സേനയ്ക്കു മുന്നില്‍ തോറ്റ് പിന്മാറുകയായിരുന്നു. 28,000 വരുന്ന മറാത്ത സൈനികരെയാണ് എണ്ണൂറോളം വരുന്ന ദളിതരുടെ സേന 12 മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയത്. അക്കാലത്ത് മറാത്തയില്‍ തൊട്ടുകൂടാത്തവരായി കരുതപ്പെട്ടിരുന്ന മഹര്‍ ദളിതരുടെ ശൗര്യപ്രകടനമായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു. മറാത്തസേനയില്‍നിന്ന് പുറത്താക്കപ്പെട്ട ദളിതരാണ് പട്ടിണിമൂലം കമ്പനി പട്ടാളത്തില്‍ ചേര്‍ന്നത്. കൊറേഗാവ് ഭീമ ഗ്രാമത്തിലെ യുദ്ധസ്മാരകത്തില്‍ ബി ആര്‍ അംബേദ്കര്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി സ്മാരകം സന്ദര്‍ശിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top