13 December Thursday

രാഷ്‌ട്രീയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ്‌ നടക്കുന്നത് പുതിയ കാര്യമല്ല; പ്രമേയത്തില്‍ 63 ഭേദഗതികള്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു: കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

ഹൈദരാബാദ് > സിപിഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്‌ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. മോഡി സര്‍ക്കാരിനു കീഴില്‍ രാജ്യം വലിയ പ്രതികൂലാവസ്ഥയാണ് നേരിടുന്നതെന്നും ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ സജീവമായി ചര്‍ച്ച ചെയ്‌തെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം  പ്രകാശ് കാരാട്ട് വ്യക്തമാക്കി. രാഷ്‌ട്രീയ പ്രമേയത്തില്‍ 63 ഭേദഗതികള്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചെന്നും കാരാട്ട് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

രാഷ്‌ട്രീയ പ്രമേയം താന്‍ അവതരിപ്പിച്ചതില്‍ അപാകതയില്ല. പാര്‍ട്ടിയില്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. രാഷ്‌ട്രീയ പ്രമേയം വൈകുന്നേരത്തോടെ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ  പാര്‍ട്ടി കോണ്‍ഗ്രസിലും രാഷ്‌ട്രീയ പ്രമേയങ്ങളിന്‍മേല്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതിന്‍മേല്‍ വോട്ടെടുപ്പ് നടക്കാറുണ്ട്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും  രാഷ്‌ട്രീയ പ്രമേയത്തിന്‍മേല്‍ അഞ്ച് ഭേദഗതി നിര്‍ദ്ദേശങ്ങളിന്‍മേല്‍ വോട്ടെടുപ്പ് നടന്നിരുന്നു.

സിപിഐ എമ്മിന്റെ സമ്മേളനങ്ങളില്‍ രാഷ്‌ട്രീയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നു എന്നതൊരു പുതിയ കാര്യമല്ല. പ്രമേയത്തിന്‍മേലുള്ള നിലപാടുകള്‍ അംഗങ്ങള്‍ പരസ്യമായി പറയുന്ന കാര്യങ്ങളാണ്. അതിനാല്‍ തന്നെ രാഷ്‌ട്രീയ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അത് പരസ്യമായായിരിക്കും.

സിപിഐ എം എന്ന പാര്‍ട്ടി രൂപീകൃതമായതുമുതല്‍ക്കുതന്നെ ആ രീതിയില്‍ മാത്രമെ വോട്ടെടുപ്പ് നടന്നിട്ടുള്ളു. അതേസമയം കേന്ദ്ര കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ വ്യത്യസ്‌ത അഭിപ്രായമുണ്ടെങ്കില്‍ അവിടെ നടക്കുന്ന വോട്ടെടുപ്പ് രഹസ്യമായിട്ടായിരിക്കും എന്നും കാരാട്ട് വ്യക്തമാക്കി.   

 പ്രമേയത്തിന്‍മേല്‍ സീതാറാം യെച്ചൂരി മുന്നോട്ടുവച്ച നിലപാടുകള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിക്കളഞ്ഞാല്‍  ജനറല്‍ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരിക്ക് തുടരാനാകുമോ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന്; പാര്‍ട്ടിക്കകത്ത് ഭൂരിപക്ഷ- ന്യൂനപക്ഷ അഭിപ്രായം എന്നതെല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തില്‍ മാത്രമാണെന്നും ചര്‍ച്ചകള്‍ക്കുശേഷം അന്തിമമായി തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അത് പാര്‍ട്ടിയിലെ എല്ലാവരുടേയും തീരുമാനമാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി

 പാര്‍ട്ടിയിലെ ഏറ്റവും മുകളിലുള്ള തലം മുതല്‍ താഴേ തട്ട് വരെയുള്ള ഓരോ പ്രവര്‍ത്തകരും അംഗീകരിക്കുന്ന രേഖയാണതെന്നും അതിനാല്‍ തന്നെ ആ രേഖയ്‌ക്ക്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തല്‍സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന കാര്യവുമായി യാതൊരു ബന്ധവുമില്ലെന്നും  കാരാട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി
 
സിപിഐ എം ഭരണഘടന അനുസരിച്ച് പാര്‍ടി കോണ്‍ഗ്രസാണ് പരമോന്നത ഘടകം. പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയം തയ്യാറാക്കുക കേന്ദ്ര കമ്മറ്റിയുടെ ചുമതലയാണ്.

എന്നാല്‍ ഈ കേന്ദ്ര കമ്മറ്റി തയ്യാറാക്കുന്ന രാഷ്‌ട്രീയ പ്രമേയം അവതരിപ്പിക്കേണ്ടത് ജനറല്‍ സെക്രട്ടറി തന്നെയായിരിക്കണം എന്നില്ല. ഇംഎംഎസ് ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ ബി ടി രണദിവെയും സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ താനും രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചിട്ടുള്ളതായി കാരാട്ട് വ്യക്തമാക്കി

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top