20 September Thursday

'ഈ പാർടിയിൽ ഞങ്ങൾ അഭിമാനിക്കുന്നു .നമ്മുടെ പാർടിയെ ശക്തിപ്പെടുത്തുക, നമ്മുടെ ഐക്യം വിപുലമാക്കുക’

എം പ്രശാന്ത്Updated: Saturday Apr 21, 2018


മുഹമ്മദ് അമീൻ നഗർ > 'ഈ പാർടിയിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഭാവിദിശ സംബന്ധിച്ച് തീരുമാനിക്കുന്നതിൽ ഇത്തരമൊരു ജനാധിപത്യപ്രക്രിയ ഏറ്റെടുക്കാൻ കഴിയുന്ന രാജ്യത്തെ ഏക പാർടി സിപിഐ എമ്മാണ്. മുഖ്യപോരാട്ടം ആർഎസ്എസിനും ബിജെപിക്കും എതിരെയാണ്. ഈ സർക്കാരിന്റെ പരാജയമാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനായി രാജ്യവ്യാപകമായി ബഹുജനങ്ങളെ സംഘടിപ്പിക്കാൻ രാഷ്ട്രീയപ്രമേയം നൽകുന്ന ദിശാബോധം ഞങ്ങൾ യോജിച്ച് ഏറ്റെടുക്കുന്നു. നമ്മുടെ പാർടിയെ ശക്തിപ്പെടുത്തുക, നമ്മുടെ ഐക്യം വിപുലമാക്കുക, ഈ സർക്കാരിനെ പരാജയപ്പെടുത്തുക'‐ കരടുപ്രമേയത്തിന്മേലുള്ള പൊതുചർച്ച പൂർത്തിയായശേഷം നടത്തിയ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.

പാർടി സഖാക്കളുടെ പൊതുവികാരമാണ് തങ്ങൾക്കെല്ലാമെന്ന് പ്രകാശ് കാരാട്ട് പൊതുചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. ധാരണ, സഖ്യം തുടങ്ങി ചില വാക്കുകളല്ല ഇവിടെ പ്രസക്തം. ബിജെപിക്കും ആർഎസ്എസിനുമെതിരായ പോരാട്ടം എങ്ങനെ ഏറ്റവും മികച്ചതാക്കാമെന്നതും അവരുടെ പരാജയം ഉറപ്പുവരുത്താമെന്നതുമാണ് സമീപനം. പ്രശ്നം പരിഹരിച്ച് പാർടി കോൺഗ്രസിൽനിന്ന് ഐക്യത്തിന്റേതായ സന്ദേശം ഉയർത്തി മടങ്ങണമെന്ന് നിരവധി സഖാക്കൾ ആവശ്യപ്പെട്ടു. സഖാക്കളുടെ ഈ പൊതുവികാരം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. കോൺഗ്രസുമായി ഒരു രാഷ്ട്രീയസഖ്യവും ഉണ്ടാകില്ലെന്നതാണ് രാഷ്ട്രീയനിലപാട്. ഇന്ത്യൻ ഭരണവർഗത്തിന്റെ ഏറ്റവും പ്രധാന പാർടിയുമായുള്ള ഏതൊരു സഖ്യവും ഭരണവർഗത്തിനെതിരായ ബദൽനയത്തിനായി ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പോരാട്ടത്തെ ദുർബലപ്പെടുത്തും. ഈയൊരു രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലാകും ഭാവിയിലെ തെരഞ്ഞെടുപ്പുതന്ത്രങ്ങൾക്ക് രൂപംനൽകുക.

ധാരണ എന്ന വാക്ക് പരിഗണിക്കുമ്പോൾ കോൺഗ്രസ് പാർടിയുമായുള്ള ധാരണയുടെ സാധ്യത കൃത്യമായി നിർവചിച്ചിട്ടുണ്ട്. പാർലമെന്റിനുള്ളിൽ കോൺഗ്രസടക്കം എല്ലാ മതേതര പ്രതിപക്ഷ പാർടികളുമായും യോജിച്ച വിഷയങ്ങളിൽ ധാരണയുണ്ട്. വർഗീയതയ്ക്കെതിരായി എല്ലാ മതേതര‐ ജനാധിപത്യ ശക്തികളുടെയും വിശാലമായ കൂട്ടായ്മയെന്ന വിശാഖപട്ടണം പാർടി കോൺഗ്രസ് തീരുമാനം മുന്നോട്ട് കൊണ്ടുപോവുകയാണ്. മൂന്നു കാര്യങ്ങളാണ് ഏറ്റെടുക്കേണ്ടത്. ഒന്ന്, ബിജെപിയുടെ വർഗീയ‐ സർവാധിപത്യ ഭരണത്തെ പരാജയപ്പെടുത്തുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തുക. രണ്ട്, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനുമായുള്ള പോരാട്ടത്തിനായി ശക്തമായ സിപിഐ എം കെട്ടിപ്പടുക്കുക. മൂന്ന്, ഇടത് ജനാധിപത്യ ബദലിന്റെ സൃഷ്ടിക്കായി ഒരു ശക്തമായ ഇടത് ജനാധിപത്യമുന്നണിക്ക് രൂപംനൽകുക‐ കാരാട്ട് പറഞ്ഞു.

പ്രധാന വാർത്തകൾ
Top