Top
22
Thursday, February 2018
About UsE-Paper

ഇടത് ഐക്യം ശക്തിപ്പെടുത്തണം: പാർടി കോൺഗ്രസ് കരട് പ്രമേയം

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌


ന്യൂഡൽഹി > നിലവിലുള്ള കുറവുകൾ മറികടന്ന് ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം 22‐ാം പാർടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയപ്രമേയത്തിൽ പറഞ്ഞു. ഇടതുവേദിയുടെ പിൻബലത്തിൽ യോജിച്ച പരിപാടികളും പ്രചാരണങ്ങളും സംഘടിപ്പിച്ചാണ് ഇതിനായി ശ്രമിക്കേണ്ടത്. ഇതര ജനാധിപത്യ സംഘടനകളെയും ശക്തികളെയും ഇടതുജനാധിപത്യ പരിപാടിക്കുചുറ്റുമായി അണിനിരത്തുന്നതിന്റെ അടിസ്ഥാനം ഇതായിരിക്കണം. ഇത്തരമൊരു പരിപാടിയിൽ കേന്ദ്രീകരിച്ചുള്ള പോരാട്ടങ്ങളും മുന്നേറ്റങ്ങളുംവഴിമാത്രമേ യഥാർഥ ബദലായ ഇടത് ജനാധിപത്യ ബദൽ ഉയർന്നുവരികയുള്ളൂ‐ പ്രമേയത്തിൽ പറഞ്ഞു.

മോഡിസർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ചൂഷണത്തിനും നവഉദാരനയങ്ങളുടെ കടന്നാക്രമണത്തിനും വിധേയരാകുന്ന, അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി തൊഴിലിനും ഭൂമിക്കും ഭക്ഷണത്തിനും വേതനത്തിനും ജീവനോപാധികൾക്കുമായി പോരാട്ടങ്ങൾ സംഘടിപ്പിക്കണം. സ്വാഭാവികമായി രൂപംകൊള്ളുന്ന എല്ലാ പ്രക്ഷോഭങ്ങളിലും പാർടി ഇടപെടുകയും അവയെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യണം.

പാർടിയും ബഹുജനസംഘടനകളും ഹിന്ദുത്വവർഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ നിലയുറപ്പിക്കണം. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര മണ്ഡലങ്ങളിൽ ഈ പോരാട്ടം സംഘടിപ്പിക്കണം. സാമൂഹികമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് പാർടി ഗതിവേഗം കൂട്ടണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃസ്ഥാനത്ത് സുസ്ഥിരമായി നിലകൊള്ളണം. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളെ ചെറുക്കണം. ഇടത്‐ദളിത് ഐക്യവേദികൾ മുന്നോട്ടുകൊണ്ടുപോകണം. എല്ലാ മേഖലയിലും ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പാർടി യത്നിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി വിശാലമായ വേദികൾ കെട്ടിപ്പടുക്കണം.

അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തെതുടർന്ന് രാജ്യത്ത് സാമ്രാജ്യത്വ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ദേശീയ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്കായി ജനങ്ങളെ അണിനിരത്തണം. അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള വിധേയത്വം മറച്ചുപിടിക്കാൻ തീവ്ര ദേശീയതാവാദത്തിന്റെ മുഖപടം അണിയുന്ന ബിജെപിയെ തുറന്നുകാട്ടണം. ജനാധിപത്യം, കലാസ്വാതന്ത്ര്യം, അക്കാദമിക് സ്വയംഭരണം എന്നിവയ്ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാൻ വിശാലമായ മുന്നേറ്റംവേണം.
കേരളത്തിലെയും ത്രിപുരയിലെയും ഇടതുസർക്കാരുകളെ സംരക്ഷിക്കേണ്ടത് പ്രധാന കടമയാണ്.

പശ്ചിമബംഗാളിൽ പാർടിയുടെയും ഇടതുമുന്നണിയുടെയും പ്രവർത്തകർക്കും ജനാധിപത്യത്തിനും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ പ്രത്യേകശ്രദ്ധപതിപ്പിക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.