സംഘപരിവാര്‍ ഭീഷണി തള്ളി, മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ മംഗളൂരു ഒരുങ്ങി

മംഗളൂരു > വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാന്‍ മംഗളൂരൂ ഒരുങ്ങി. സംഘപരിവാര്‍ ഭീഷണി തൃണവല്‍ഗണിച്ച് ആവേശ്വജ്ജല സ്വീകരണം നല്‍കാന്‍ കന്നടമണ്ണ് തയ്യാറെടുത്തു. ശനിയാഴ്ച ഇവിടെ രണ്ടുചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പകല്‍ 11ന് കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം പിണറായി നിര്‍വഹിക്കും. ഉച്ചയ്ക്ക് ശേഷം മതസൌഹാര്‍ദ സന്ദേശമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 2.30നാണ് ആയിരങ്ങള്‍ അണിനിരക്കുന്ന റാലി ആരംഭിക്കുന്നത്. മൂന്നരയോടെ നെഹ്റു മൈതാനത്ത് പൊതുസമ്മേളനം തുടങ്ങും. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി അധ്യക്ഷനാകും.
പരിപാടി അലങ്കോലപ്പെടുത്താന്‍ സംഘപരിവാറുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണ്. തൊക്കോട്ട് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് തീയിട്ട അക്രമികള്‍ നഗരത്തിലെ പ്രചരണബോര്‍ഡുകളും കൊടികളും നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലേറുമുണ്ടായി.
സംഘപരിവാറിന്റെ അക്രമങ്ങള്‍ക്കൊന്നും സിപിഐ എമ്മിനെ പിറകോട്ട് നയിക്കാന്‍ കഴിയില്ലെന്ന് ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. പിണറായിയെ തടയുകയെന്ന ലക്ഷ്യത്തോടെ ബന്ദിന് അഹ്വാനം ചെയ്ത സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നിരവധി പ്രമുഖര്‍ സംഘപരിവാറിനെതിരെ രംഗത്തുവന്നു. പിണറായി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് എല്ലാവിധ സുരക്ഷാസൌകര്യവുമൊരുക്കുമെന്ന് കര്‍ണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. നഗരത്തില്‍ നാലായിരത്തോളം പൊലീസുകാരെ വ്യന്യസിച്ചു.
അതിനിടെ മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ പൊലീസ് കമീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതല്‍ ഞായറാഴ്ച വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മതസൌഹാര്‍ദ റാലിയെ നിരോധനാജ്ഞയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.











0 comments