17 December Monday

സിബിഐ ഡയറക്‌ടർക്കെതിരെ സിവിസി അന്വേഷണം; പരാതി നല്‍കിയത് രണ്ടാമന്‍

എം അഖിൽUpdated: Saturday Sep 22, 2018

ന്യൂഡൽഹി > സിബിഐ ഡയറക്ടർ അലോക‌് വർമയ‌്ക്കെതിരെ കേന്ദ്ര വിജിലൻസ‌് കമീഷൻ (സിവിസി) അന്വേഷണം തുടങ്ങി. സിബിഐ സ‌്പെഷ്യൽ ഡയറക്ടറും ഏജൻസി അധികാരഘടനയിൽ രണ്ടാമനുമായ രാകേഷ‌് അസ‌്താനയുടെ പരാതിയിലാണ് നടപടി. അധികാരപരിധിയിൽ ഇടപെടാനും അന്വേഷണങ്ങൾ അട്ടിമറിക്കാനും സൽപ്പേര‌് കളങ്കപ്പെടുത്താനും അലോക‌്‌ വർമ ശ്രമിക്കുന്നുവെന്ന‌ാണ് പരാതി.

ചരിത്രത്തിൽ ആദ്യമായിട്ടാണ‌് സിബിഐ ഡയറക്ടർ സിവിസി അന്വേഷണം നേരിടുന്നത‌്. ഇപ്പോള്‍ നടത്തുന്ന വസ‌്തുതാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന‌് കണ്ടെത്തിയാൽ സിബിഐ ഡയറക്ടർക്കെതിരെ ഔദ്യോഗിക അന്വേഷണം തുടങ്ങും. കഴിഞ്ഞവർഷം ഐആർസിടിസി അഴിമതിക്കേസുമായി ബന്ധപ്പെട്ട‌് ആർജെഡി നേതാവ‌് ലാലുപ്രസാദ‌് യാദവിന്റെ വസതിയിൽ നടത്താനിരുന്ന റെയ‌്ഡ‌് അലോക‌് വർമയുടെ ഇടപെടലിനെത്തുടർന്ന‌് അവസാനനിമിഷം മാറ്റിവയ‌്ക്കേണ്ടി വന്നതായി അസ‌്താന പരാതിയിൽ പറയുന്നു.  ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സത്യം തെളിയിക്കാൻ സിവിസി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അലോക‌് വർമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പ്രതികരിച്ചു.

പ്രത്യേക അന്വേഷണസംഘങ്ങളുടെ മേൽനോട്ടം വഹിക്കുന്ന രാകേഷ‌് അസ‌്താനയാണ‌് അഗസ‌്താ വെസ്റ്റ‌് ലാൻഡ‌്, കിങ‌്ഫിഷർ തുടങ്ങിയ പ്രധാനപ്പെട്ട അഴിമതിക്കേസുകളുടെ അന്വേഷണങ്ങൾക്ക‌് മേൽനോട്ടം വഹിക്കുന്നത‌്. സിബിഐയിൽ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര‌് ശക്തമായിട്ട‌് ഏറെനാളായി.

ഗുജറാത്ത‌് കേഡർ ഐപിഎസ‌് ഉദ്യോഗസ്ഥനായ അസ‌്താന പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത‌്ഷാ തുടങ്ങിയ നേതാക്കളുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനാണ‌്. സിബിഐ അഡീഷണൽ ഡയറക്ടറായ അസ‌്താനയെ സ‌്പെഷ്യൽ ഡയറക്ടറായി നിയമിച്ചത‌് നേരത്തെ വിവാദമായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന കമ്പനിയിൽനിന്ന‌് രാകേഷ‌് അസ‌്താന കോടികൾ കോഴ കൈപ്പറ്റിയതിന‌് തെളിവുള്ളതിനാൽ സ്ഥാനക്കയറ്റം തടയണമെന്ന‌് സിബിഐ ഡയറക്ടർ അലോക‌് വർമ സെലക‌്ഷൻ കമ്മിറ്റിയോട‌് അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവകവയ്ക്കാതെ കേന്ദ്രം അസ‌്താനയെത്തന്നെ സ‌്പെഷ്യൽ ഡയറക്ടറായി നിയമിച്ചു. തന്റെ സ്ഥാനക്കയറ്റം തടയാൻ  ശ്രമിച്ച അലോക‌് വർമയ‌്ക്കെതിരെ പരാതി നൽകി അസ‌്താന പകപോക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top