21 November Wednesday

മോഡിയുടെ വായ‌്പാ പദ്ധതി: ഗുജറാത്ത‌് കമ്പനി കോടികൾ കൊയ‌്തു

എം പ്രശാന്ത‌്Updated: Saturday Nov 10, 2018

ന്യൂഡൽഹി > ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക‌് ഒരു മണിക്കൂറിനകം ഒരുകോടി രൂപവരെ വായ‌്പയെന്ന മോഡി സർക്കാരിന്റെ പദ്ധതിയുടെ മറവിൽ കോടികളുടെ ലാഭംകൊയ‌്ത‌് ഗുജറാത്തിലെ സ്വകാര്യകമ്പനി. 2014ൽ നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് നേതൃത്വം നൽകിയ അഖിൽ ഹണ്ഡ ഡയറക്ടറായ ക്യാപിറ്റൽ വേൾഡ‌് കമ്പനിയാണ‌് ഒരു മണിക്കൂറിൽ വായ‌്പാപദ്ധതിയിലൂടെ കോടികളുടെ നേട്ടമുണ്ടാക്കിയത‌്. അഹമ്മദാബാദ‌് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ‌് ക്യാപിറ്റൽ വേൾഡ‌്. കമ്പനിയിലെ ചില ഡയറക്ടർമാർക്ക‌് അനിൽ അംബാനിയുമായും അടുത്ത ബന്ധമുണ്ട‌്.

നവംബർ രണ്ടിനാണ‌് പ്രധാനമന്ത്രി മോഡി വായ‌്പാപദ്ധതി പ്രഖ്യാപിച്ചത‌്. ഇതിനായി പ്രത്യേകം വെബ‌്സൈറ്റും തയ്യാറാക്കി. ക്യാപിറ്റൽ വേൾഡിനായിരുന്നു സൈറ്റ‌് നടത്തിപ്പിന്റെയും ചുമതല. സൈറ്റിൽ വായ‌്പയ‌്ക്കായി അപേക്ഷിക്കുന്ന സംരംഭകർ ഫീസായി 1180 രൂപ നൽകണം. വായ‌്പ ലഭിച്ചാൽ 0.35 ശതമാനം പ്രോസസിങ‌് ഫീസിനത്തിലും നൽകണം. സ്ഥാപനത്തിന്റെ വരുമാനക്കണക്ക‌്, ബാങ്ക‌് സ‌്റ്റേറ്റ‌്മെന്റ‌് തുടങ്ങിയവ അപേക്ഷയ‌്ക്കൊപ്പം നൽകണം. ഇത‌് വിലയിരുത്തി വായ‌്പാതുക നിശ്ചയിക്കും. തുടർന്ന‌് വായ‌്പ നൽകാനിടയുള്ള ബാങ്കുമായി ബന്ധിപ്പിക്കുകയുമാണ‌് വെബ‌്സൈറ്റിന്റെ ദൗത്യം.

സൈറ്റ‌് തുടങ്ങി രണ്ടാംദിനം 1.69 ലക്ഷം അപേക്ഷ സമർപ്പിച്ചെന്നും 23582 കോടി രൂപ വായ‌്പയായി വിതരണം ചെയ‌്തെന്നും ക്യാപിറ്റൽവേൾഡ‌് സൈറ്റിൽ വിശദമാക്കിയിരുന്നു. ഇതനുസരിച്ച‌് രണ്ടുദിവസം കൊണ്ട‌്  പ്രോസസിങ‌് ഫീസ‌് ഇനത്തിൽമാത്രം 82.53 കോടി രൂപ ക്യാപിറ്റൽ വേൾഡ‌് കൈക്കലാക്കി. അപേക്ഷാഫീസിനത്തിൽ 20 കോടിരൂപയും ലഭിച്ചു.

പദ്ധതി നടത്തിപ്പ‌് ചുമതല സ്വകാര്യകമ്പനിയെ ഏൽപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. സർക്കാർ സംരംഭമായ സിഡ‌്ബിയാണ‌് ചെറുകിട–-ഇടത്തരം സംരംഭങ്ങൾക്ക‌് വായ‌്പ ലഭ്യമാക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത‌്. സിഡ‌്ബിയെ വെട്ടിയാണ‌് സ്വകാര്യകമ്പനിയെ ഏൽപ്പിച്ചത‌്.
മൂന്നര വർഷംമുമ്പ‌് അഹമ്മദാബാദ‌് കേന്ദ്രീകരിച്ചാണ‌് ക്യാപിറ്റൽവേൾഡ‌് സ്ഥാപിതമായത‌്. 2016ൽ 38,888 രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2017 ആയപ്പോഴേക്കും 15,000 രൂപയുടെ വരുമാനം ബാലൻസ‌് ഷീറ്റിൽ കാട്ടിയിട്ടുണ്ട‌്.

കമ്പനിയുടെ ഡയറക്ടർമാരിലൊരാളായ അഖിൽ ഹണ്ഡ 2014 തെരഞ്ഞെടുപ്പിൽ മോഡിയ‌്ക്കായി സജീവമായി പ്രവർത്തിച്ചിരുന്നു. മോഡിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു. ഹോങ‌്കോങ‌് ജെ പി മോർഗൻ കമ്പനിയിലെ എനർജി അനലിസ‌്റ്റ‌് ജോലി ഉപേക്ഷിച്ചാണ‌് മോഡിക്കുവേണ്ടി രംഗത്തുവന്നത‌്. എൻഡിഎയുടെ പ്രചാരണത്തിനായി പ്രശാന്ത‌് കിഷോർ സ്ഥാപിച്ച സിറ്റിസൺസ‌് ഫോർ അക്കൗണ്ടബിൾ ഗവർണൻസ‌ിന്റെ ഭാഗമായതോടെ മോഡിയുടെ വിശ്വസ‌്തനായി.

കമ്പനിയുടെ മറ്റൊരു ഡയറക്ടർ വിനോദ‌്മോദ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നിർമ, മുദ്ര തുടങ്ങിയ കോർപറേറ്റ‌് സ്ഥാപനങ്ങളുടെ സ‌്ട്രാറ്റജിക്ക‌് അഡ്വൈസറായിരുന്നു. പദ്ധതി നടത്തിപ്പ‌് വിവാദമായതോടെ ലഭിച്ച അപേക്ഷകളുടെ എണ്ണവും വിതരണംചെയ‌്ത തുകയും സൈറ്റിൽനിന്ന‌് നീക്കി.ലുണ്ടായിരുന്ന നിർമ, മുദ്ര തുടങ്ങിയ കോർപ്പറേറ്റ‌് സ്ഥാപനങ്ങളുടെ സ‌്ട്രാറ്റജിക്ക‌് അഡ്വൈസറായിരുന്നു. പദ്ധതി നടത്തിപ്പ‌് വിവാദമായതോടെ ലഭിച്ച അപേക്ഷകളുടെ എണ്ണവും വിതരണം ചെയ‌്ത തുകയും സൈറ്റിൽനിന്നും നീക്കി.


പ്രധാന വാർത്തകൾ
Top