കുട്ടിക്കടത്ത് റാക്കറ്റില്‍ ബിജെപി നേതാക്കള്‍

കൊല്‍ക്കത്ത/ന്യൂഡല്‍ഹി > വടക്കുകിഴക്കന്‍ ഇന്ത്യയാകെ പിടിമുറുക്കിയ പശ്ചിമബംഗാളിലെ കുട്ടിക്കടത്ത് റാക്കറ്റിന് പിന്നില്‍ ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ രൂപ ഗാംഗുലി, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി ജുഹി ചൌധ് രി തുടങ്ങിയവര്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വെളിപ്പെടുത്തല്‍.
രാജ്യത്തിനകത്തും പുറത്തുമായി ഒരു വയസ്സിനും 14 വയസ്സിനുമിടയിലുള്ള ഇരുപതോളംകുട്ടികളെ ഈ റാക്കറ്റ് വിറ്റതായാണ് പ്രാഥമികവിവരം. ജുഹി ചൌധ്രിയെ ചൊവ്വാഴ്ച വൈകിട്ട് ബംഗാള്‍ പൊലീസ് സിഐഡി വിഭാഗം അറസ്റ്റ്ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ഡാര്‍ജിലിങ്ങില്‍നിന്നാണ് അറസ്റ്റ്. സര്‍ക്കാരിതര സംഘടനയുടെ ചെയര്‍പേഴ്സണ്‍ ചന്ദന ചക്രബര്‍ത്തി, ദത്തെടുക്കലിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ സൊനാലി മൊണ്ഡല്‍, ഇവരുടെ സഹോദരന്‍ മാനസ് ഭൌമിക് എന്നിവര്‍ നേരത്തെ അറസ്റ്റിലായി.
പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയ്വര്‍ഗിയയെയും രൂപ ഗാംഗുലിയെയും ഉടന്‍ ചോദ്യംചെയ്യും. ഒളിവിലായിരുന്ന ജുഹി ചൌധ്രി അറസ്റ്റിലാകുംമുമ്പ് പ്രമുഖ ബിജെപി നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതോടെ നേതാക്കളുടെ പേരു പുറത്തുവരും.
കൊല്‍ക്കത്തയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ജല്‍പായ്ഗുഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന 'ബിമലാശിശുഗൃഹ' എന്ന സന്നദ്ധസംഘടനയുടെ മറവിലായിരുന്നു കുട്ടിക്കടത്ത്. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, സ്പെയിന്‍, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കുട്ടികളെ വിറ്റിട്ടുണ്ട്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ദത്ത് നല്‍കുന്നുവെന്ന വ്യാജേനയായിരുന്നു വില്‍പ്പന.
ദത്തവകാശനിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും ലഭിക്കുന്നു. ഇതിന് സഹായിച്ചത് ജുഹി ചൌധ്രിയാണ്. ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ മറികടക്കാന്‍ വിജയ്വര്‍ഗിയയും രൂപ ഗാംഗുലിയും സഹായിച്ചു. പ്രത്യുപകാരമായി ഇവര്‍ക്ക് വിലകൂടിയ പാരിതോഷികം നല്‍കാന്‍ ജുഹിക്ക് താന്‍ വന്‍തുക നല്‍കാറുണ്ടെന്നും ചന്ദന ചക്രബര്‍ത്തി മൊഴി നല്‍കി. കരിമ്പട്ടികയില്‍പെട്ട തന്റെ 'ആശ്രയ' എന്ന അനാഥാലയത്തെ കേസുകളില്‍നിന്ന് ഊരിയെടുക്കാന്‍ കേന്ദ്രമന്ത്രിമാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും സ്വാധീനിക്കാമെന്നും ജുഹി ഉറപ്പുനല്‍കി. ഈ മാസം 20ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധിയുമായി ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചിരുന്നു.
രാജ്യത്തിനകത്തും പുറത്തും നിരവധി കുട്ടികളെ വിറ്റ റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് ബംഗാള്‍ പൊലീസ് പുറത്തുകൊണ്ടുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം ബിജെപി നേതാക്കളെ വേട്ടയാടാനാണ് ബംഗാള്‍ പൊലീസിന്റെ നീക്കമെന്ന് കൈലാഷ് വിജയ്വര്‍ഗിയ പ്രതികരിച്ചു. അതേസമയം, ജുഹി ചൌധ്രിയെ മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് ബിജെപി നീക്കി. ജുഹിയുടെ പിതാവ് രബീന്ദ്രനാഥ് ചൌധ്രിയെ സംസ്ഥാനസമിതിയില്‍നിന്നും പുറത്താക്കി. ബി ആര്‍ ചോപ്ര സംവിധാനംചെയ്ത മഹാഭാരത് സീരിയലില്‍ ദ്രൌപദിയായി അഭിനയിച്ച രൂപ ഗാംഗുലി ബംഗാളിലെ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തീവ്രവിദ്വേഷപരമായ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനാണ് കൈലാഷ് വിജയ്വര്‍ഗിയ.










0 comments