21 November Wednesday

ബിജെപിയുടെ സ്ഥാപക നേതാവ് ജസ്വന്ത‌് സിങ്ങിന്റെ കുടുംബം കോൺഗ്രസിൽ ചേർന്നു

സ്വന്തം ലേഖകൻUpdated: Wednesday Oct 17, 2018

ന്യൂഡൽഹി > ബിജെപിയുടെ സ്ഥാപക നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത‌് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ‌് കോൺഗ്രസിൽ ചേർന്നു. ബുധനാഴ‌്ച കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ‌്ച നടത്തിയശേഷമാണ‌് മാനവേന്ദ്ര സിങ്ങിനൊപ്പം ഭാര്യ ചിത്ര സിങ‌്, ഇളയ സഹോദരൻ ഭൂപേന്ദ്ര സിങ‌് എന്നിവരും കോൺഗ്രസിൽ ചേർന്നത‌്.

ബിജെപി വിടുന്നതായി കഴിഞ്ഞമാസം മാനവേന്ദ്ര സിങ‌് പ്രഖ്യാപിച്ചിരുന്നു. വാജ‌്പേയിക്കും അദ്വാനിക്കുമൊപ്പം ബിജെപി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക‌് വഹിച്ച നേതാവാണ‌്  ജസ്വന്ത‌് സിങ‌്. വിദേശകാര്യം, ധനം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വാജ‌്പേയി സർക്കാരിന്റെ കാലത്ത‌് വഹിച്ചിരുന്നു.

നരേന്ദ്ര മോഡി ബിജെപി നേതൃത്വത്തിലേക്ക‌് ഉയർന്നതോടെയാണ‌് ജസ്വന്ത‌് സിങ‌് തഴയപ്പെട്ടത‌്. 2014 തെരഞ്ഞെടുപ്പിൽ സീറ്റ‌് നിഷേധിച്ചു. സ്വതന്ത്രനായി മത്സരിച്ചെങ്കിലും ജയിക്കാനായില്ല. അസുഖബാധിതനായ ജസ്വന്ത‌് നാലുവർഷമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ‌്.

2004–09 കാലയളവിൽ ലോക‌്സഭാംഗമായിരുന്ന മാനവേന്ദ്ര സിങ‌് 2013ൽ ശിവ‌് മണ്ഡലത്തിൽനിന്ന‌് നിയമസഭയിലേക്ക‌് ജയിച്ചിരുന്നു. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന‌് എംഎൽഎ സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പായി പ്രമുഖ നേതാവ‌് പാർടി വിട്ടത‌് ബിജെപിക്ക‌് ക്ഷീണമായി. രാജസ്ഥാനിലെ രജപുത്ര വിഭാഗക്കാർക്കിടയിൽ സ്വാധീനമുള്ള നേതാവാണ‌് മാനവേന്ദ്ര.


പ്രധാന വാർത്തകൾ
Top