14 December Friday

ബിഹാർ ടിസ്‌ റിപ്പോർട്ട്‌: 14 അഭയകേന്ദ്രങ്ങളിൽ ക്രൂരപീഡനം

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018

ന്യൂഡൽഹി > ബിഹാറിൽ കൂടുതൽ അഭയകേന്ദ്രങ്ങളിൽ ലൈംഗികാതിക്രമവും പീഡനങ്ങളും നടന്നതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ റിപ്പോർട്ട്. മുസഫർപുരിലെ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായത് പുറത്തുകൊണ്ടുവന്ന റിപ്പോർട്ടിലാണ് കൂടുതൽ വിവരങ്ങളുള്ളത്. സമാന ദുരിതമാണ് മറ്റ് 14 അഭയകേന്ദ്രത്തിലും ഉള്ളതെന്ന് മാർച്ച് 15ന് സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന് സമർപ്പിച്ച റിപ്പോർട്ട‌് വ്യക്തമാക്കുന്നു.
അഭയകേന്ദ്രങ്ങളിലെ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവർ ശാരീരികമർദനം, ലൈംഗികാതിക്രമം, മാനസികപീഡനം എന്നിവയ്ക്ക് ഇരയാകുന്നു. ചില കേന്ദ്രങ്ങളിൽ ടോയ്ലറ്റിൽനിന്നുള്ള വെള്ളം കുടിക്കാൻ നിർബന്ധിക്കുന്നുവെന്നും ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പെൺകുട്ടികൾക്കെതിരെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളാണ് നടക്കുന്നത്. ക്രൂരപീഡനത്തെതുടർന്ന് പട്നയിലെ താൽക്കാലിക അഭയകേന്ദ്രത്തിൽ ഒരു പെൺകുട്ടി ആത്മഹത്യചെയ്തു. മറ്റൊരു പെൺകുട്ടി മാനസികമായി താളംതെറ്റിയ നിലയിലാണ്. വസ്ത്രം, മരുന്നുകൾ, സാനിട്ടറി പാഡുകൾ തുടങ്ങിയവ ലഭിക്കുന്നില്ല. മോട്ടിഹാരിയിൽ സഖി സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിരവധി മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടികളെ പാർപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള മുസ്ലിം പെൺകുട്ടിയെ വിശ്വാസത്തിന്റെ പേരിൽ കൗൺസിലർ മർദിക്കുന്നതായും വിവരമുണ്ട‌്.

വാർഡൻ മുറികൾ പൂട്ടിപ്പോയാൽ കുട്ടികൾക്ക് പ്ലാസ്റ്റിക് കുപ്പികളിൽ മൂത്രമൊഴിക്കേണ്ടി വരുന്നു. നിർദേശ് എന്ന സംഘടനയുടെ അഭയകേന്ദ്രത്തിൽ വലിയ പൈപ്പുകൾ ഉപയോഗിച്ച് കുട്ടികളെ മർദിക്കുന്നു. മറ്റൊരു കേന്ദ്രത്തിൽ സൂപ്രണ്ടിന്റെ വീട്ടിൽ പാചകത്തിന് കുട്ടികളെ നിയോഗിക്കുന്നതായും കേൾവി‐സംസാര പരിമിതിയുള്ള കുട്ടികളെ മർദിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അരാരിയ ജില്ലയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ ബിഹാർ പൊലീസിന്റെ സുരക്ഷാജീവനക്കാരൻ മർദിച്ച സംഭവവും  ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മുസാഫർപുരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികളെ ബലാത്സംഗംചെയ്ത സംഭവത്തിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറിന്റെ കൈയിൽനിന്ന‌് മന്ത്രിമാരുൾപ്പെടെ 40 പേരുടെ ഫോൺ നമ്പരുള്ള കടലാസ‌് പിടിച്ചെടുത്തു. മുസാഫർപുർ സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ഫോൺ നമ്പരുകൾ പിടിച്ചെടുത്തത്. ജയിലിനുള്ളിലിരുന്നും ഇയാൾ അധികാരകേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. ജൂൺ രണ്ടിന് അറസ്റ്റിലായ താക്കൂർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ വാർഡിലാണ‌് ഇപ്പോൾ. പിടിച്ചെടുത്ത നമ്പരുകളടങ്ങിയ കടലാസുകൾ കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറി. ബ്രജേഷ‌് താക്കൂറിന്റെ അഭയകേന്ദ്രവുമായി ഭർത്താവിന് ബന്ധമുള്ളത് പുറത്തുവന്നതോടെ സാമൂഹ്യക്ഷേമമന്ത്രി മഞ്ജു വർമ രാജിവച്ചിരുന്നു.

പ്രധാന വാർത്തകൾ
Top