24 October Wednesday

ബാങ്ക‌് ലയനം തിരിച്ചടി; ലക്ഷ്യം ഓഹരിവിൽപ്പന

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

ന്യൂഡൽഹി>പ്രവർത്തനക്ഷമതയും സേവനവും മെച്ചപ്പെടുത്താനെന്ന പേരിൽ മൂന്ന് ബാങ്കുകളെ സംയോജിപ്പിക്കാനുള്ള കേന്ദ്രനീക്കം ബാങ്കിങ‌് മേഖലയ‌്ക്ക‌് തിരിച്ചടിയാകും. ബാങ്ക് ഓഫ് ബറോഡ, ദേന, വിജയ ബാങ്ക് എന്നിവയെ കൂട്ടിയോജിപ്പിച്ച് പുതിയ ബാങ്ക് രൂപീകരിക്കുമെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചത്. കിട്ടാക്കടം പെരുകി ബാങ്ക് ഓഫ് ബറോഡ കടുത്ത പ്രതിസന്ധിയിലായതോടെയാണ് തീരുമാനം. അതേസമയം, ചൊവ്വാഴ്ച ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിമൂല്യം 16 ശതമാനവും വിജയബാങ്കിന്റെ ഓഹരിമൂല്യം 5.69 ശതമാനവും ഇടിഞ്ഞു.  ബാങ്കുകളുടെ സംയോജനം  ദോഷകരമാകുമെന്ന് ബാങ്കിങ് വിദഗ്ധരും ജീവനക്കാരുടെ സംഘടനകളും ചുണ്ടിക്കാട്ടുന്നു

എസ്ബിഐയിൽ അഞ്ച് അസോസിയേറ്റ് ബാങ്കുകളും മഹിളാബാങ്കും ലയിപ്പിച്ച് ഏറ്റവും വലിയ ബാങ്കാക്കി മാറ്റിയിട്ടും കിട്ടാക്കടപ്രതിസന്ധി രൂക്ഷമാണ്. എസ്ബിഐ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിടുകയും ചെയ്യുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ ലയിപ്പിച്ചപ്പോഴും ഇതേ പ്രശ്നമുണ്ടായി. മൂന്ന് ബാങ്ക‌് സംയാജിപ്പിക്കുമ്പോൾ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപംകൊള്ളുമെന്നും അതിന്റെ നില ഭദ്രമായിരിക്കുമെന്നും ധനമന്ത്രി അവകാശപ്പെടുന്നതിൽ കഴമ്പില്ലെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. എസ‌്ബിഐയിൽ മറ്റ‌് ബാങ്കുകളെ ലയിപ്പിച്ചതുപോലെയല്ല ബാങ്ക് ഓഫ് ബറോഡ, ദേന, വിജയ ബാങ്കുകളുടെ സംയോജനം.

മൂന്നുബാങ്കുകൾ ലയിപ്പിച്ച‌് നിലവിൽ വരുന്ന പുതിയ ബാങ്കിന്റെ  49 ശതമാനം വരെ ഓഹരി വിൽക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ബാങ്കുകളുടെ കൂട്ടിയോജിപ്പിക്കൽ, ശാഖകളുടെ അടച്ചുപൂട്ടലിനും അതുവഴി ജനങ്ങൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുകളും ദുരിതവും സൃഷ‌്ടിക്കും. ജീവനക്കാരുടെ പിരിച്ചുവിടലിനും ഇത‌് വഴിവെക്കും.  ലാഭത്തിൽ പ്രവർത്തിക്കുന്ന രണ്ട് പൊതുമേഖല ബാങ്കുകളിൽ ഒന്നാണ് വിജയബാങ്ക്. കിട്ടാക്കടം മൂലധന ആസ്തി ദുർബലപ്പെടുത്തിയ ബാങ്ക് ഓഫ് ബറോഡയും ദേന ബാങ്കും റിസർവ്ബാങ്കിന്റെ തിരുത്തൽ നടപടികൾക്ക് വിധേയമായാണ്  പ്രവർത്തിക്കുന്നത്.

ദുർബലമായ ബാങ്കുകളിൽ കേന്ദ്രസർക്കാർ കൂടുതൽ മൂലധനനിക്ഷേപം നടത്തുന്നതിനു പകരം കുറുക്കുവഴികൾ ഉപയോഗിക്കുകയാണ്. 15 ലക്ഷംകോടി രൂപയുടെ ഇടപാടിനു ശേഷിയുള്ള പുതിയ ബാങ്ക് നിലവിൽവരുമെന്ന് സർക്കാർ ആവേശം പ്രകടിപ്പിക്കുന്നു; എന്നാൽ, 41 ലക്ഷംകോടി ആസ്തിയുള്ള എസ്ബിഐയ്ക്കുപോലും ലയനംവഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.ഓഹരിവിപണിയിൽ വൻതകർച്ച നേരിട്ട തിങ്കളാഴ്ചയാണ്  ബാങ്ക് സംയോജനം പ്രഖ്യാപിച്ചത്. കോർപറേറ്റ് കിട്ടാക്കടം തിരിച്ചുപിടിക്കാൻ തയ്യാറാകാതെ ബാങ്ക് ലയനം, കൂട്ടിയോജിപ്പിക്കൽ എന്നിവ പോലുള്ള നടപടികൾ സ്വീകരിക്കുന്നത് തട്ടിപ്പാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


പ്രധാന വാർത്തകൾ
Top