19 September Wednesday

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങി: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


ന്യൂഡൽഹി
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങിയെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും കോടതി പലപ്പോഴും നിസ്സഹായരാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. തലവരിപ്പണം ഉണ്ടെന്നത് യാഥാർഥ്യമാണ്. പലിശയ്ക്ക് വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാണെങ്കിലും പാവപ്പെട്ട വിദ്യാർഥികൾക്ക് അത് അപ്രാപ്യമാണ്. ഇത്തരം സാഹചര്യം രാജ്യത്ത് തുടരുന്നത് അനുവദിക്കാനാകില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പല പ്രവർത്തനങ്ങളിലും അപാകമുണ്ട്. മെഡിക്കൽ കൗൺസിലിൽ ചില കളങ്കിതരുണ്ട്. അത് ആരാണെന്ന് അറിയാമെങ്കിലും പരസ്യമായി പറയുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

കേരളത്തിലെ നാല‌് സ്വാശ്രയ മെഡിക്കൽ കോളേജിലായി 550 വിദ്യാർഥികളുടെ പ്രവേശനത്തിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഫയൽ ചെയ്ത ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അൽഅസർ മെഡിക്കൽ കോളേജ് തൊടുപുഴ, ഡി എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വാണിയംകുളം, എസ് ആർ മെഡിക്കൽകോളേജ് വർക്കല എന്നിവിടങ്ങളിൽ പ്രവേശന അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്. നാലിടത്തെയും  പ്രവേശനം സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കോളേജുകളിലെ സൗകര്യങ്ങൾ ഉടനടി പരിശോധിച്ചുകൂടേയെന്ന് കോടതി ചോദിച്ചെങ്കിലും മെഡിക്കൽ കൗൺസിൽ ഇതിനെ എതിർത്തു. ഇതോടെ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top