11 December Tuesday

സിഖ്‌ വിരുദ്ധ കലാപക്കേസ്‌: യശ്പാല്‍ സിങിന് വധശിക്ഷ; നരേശ് ഷെരാവത്തിന് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

ന്യൂഡൽഹി > 34 വർഷത്തിനുശേഷം സിഖ‌് കൂട്ടക്കൊലക്കേസിൽ ആദ്യശിക്ഷ. 1984ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന‌് ഡൽഹിയിലും പരിസരത്തും അരങ്ങേറിയ സിഖ‌് കൂട്ടക്കൊലയുടെ ഭാഗമായ കേസിലെ പ്രതിക്ക‌് വധശിക്ഷ. ദക്ഷിണ ഡൽഹിയിലെ മഹിപാൽപുരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ  പ്രതി യശ‌്പാൽസിങ്ങിനാണ‌്(55) അഡീഷണൽ സെഷൻസ‌് ജ‌ഡ‌്ജി അജയ‌് പാണ്ഡെ വധശിക്ഷ വിധിച്ചത‌്. മറ്റൊരു പ്രതി നരേഷ‌് ഷെറാവത്തിന‌്(68) ജീവപര്യന്തവും വിധിച്ചു. ഇരുവരും 35 ലക്ഷം  രൂപ വീതം പിഴയും ഒടുക്കണം.

തിഹാർ ജയിലിൽ സജ്ജീകരിച്ച കോടതിയിലാണ‌് ശിക്ഷ പ്രഖ്യാപിച്ചത‌്.  തെളിവുകളില്ലെന്നപേരിൽ ഡൽഹി പൊലീസ‌് 1994ൽ കേസ‌് നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,  ഇരകളുടെ ബന്ധുക്കൾ നടത്തിയ നിയമയുദ്ധത്തിന്റെ ഫലമായി, സുപ്രീംകോടതി ഉത്തരവുപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ഇന്ദിര ഗാന്ധി 1984 ഒക്ടോബർ 31ന‌് വധിക്കപ്പെട്ടശേഷം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ സിഖുകാരായ 3,325 പേരാണ‌് കൊല്ലപ്പെട്ടത‌്. കോൺഗ്രസ‌് നേതാക്കളാണ‌് കലാപത്തിന‌് ആഹ്വാനം ചെയ‌്തത‌്. ഡൽഹിയിൽ മാത്രം 2,773 പേർക്ക‌് ജീവൻ നഷ്ടപ്പെട്ടു. നവംബർ ഒന്നിന‌്  മഹിപാൽപുരിൽ ഹർദേവ‌് സിങ‌്(25),  അവ‌്താർസിങ‌്(25)  എന്നിവരെ പ്രതികളുടെ നേതൃത്വത്തിൽ എത്തിയ ജനക്കൂട്ടം ആക്രമിച്ച‌് കൊലപ്പെടുത്തി. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്ന‌് കോടതി ചൂണ്ടിക്കാട്ടി.

പ്രത്യേക അന്വേഷണസംഘം 52 കേസുകൾ പരിശോധിച്ചതിൽനിന്ന‌് എട്ട് കേസുകളിൽ പുനരന്വേഷണം പൂർത്തിയായി കുറ്റപത്രം നൽകി. അഞ്ച‌് കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ‌്. കോൺഗ്രസ‌് നേതാവ‌് സജ്ജൻകുമാർ പ്രതിയായ കേസും ഇതിൽപെടുന്നു.


പ്രധാന വാർത്തകൾ
Top