19 January Saturday

വലിച്ചെറിഞ്ഞു ; സ്വാഭാവിക നീതി നിഷേധിച്ചു: അലോക്‌ വർമ

എം അഖിൽUpdated: Saturday Jan 12, 2019


ന്യൂഡൽഹി
സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന‌് പുറത്താക്കിയ അലോക‌്‌ വർമ സർ‌വീസിൽ നിന്ന് രാജിവച്ചു. പ്രതികാര നടപടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ഉന്നതതലസമിതി വ്യാഴാഴ‌്ച രാത്രിയാണ‌് വർമയെ പുറത്താക്കിയത‌്. 

സുപ്രീംകോടതി ഉത്തരവുപ്രകാരം സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക‌് തിരിച്ചെത്തിയ അലോക‌് വർമയെ ഫയർഫോഴ‌്സ‌് ഡിജി സ്ഥാനത്തേക്കാണ‌് മാറ്റിയത‌്. ഈ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന‌ും വെള്ളിയാഴ‌്ച മുതൽ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട‌് അലോക‌്‌ വർമ ഡിപ്പാർട്ട‌്മെന്റ‌് ഓഫ‌് പേഴ‌്സണൽ  ആൻഡ‌് ട്രെയിനിങ് വിഭാഗം  സെക്രട്ടറി സി ചന്ദ്രമൗലിക്ക‌് രാജിക്കത്ത‌് കൈമാറുകയായിരുന്നു.  ജനുവരി 31നാണ‌് അലോക‌്‌വർമ സിബിഐ ഡയറക്ടർ പദവിയിൽനിന്ന‌് ഔദ്യോഗികമായി വിരമിക്കേണ്ടത‌്. 2017 ജൂലൈ 31ന‌് അദ്ദേഹം സർവീസിൽനിന്ന‌് വിരമിച്ചിരുന്നു. സിബിഐ ഡയറക്ടർക്ക‌് രണ്ട‌ുവർഷം ഔദ്യോഗിക സേവനകാലയളവുണ്ട‌്.

സ്വാഭാവിക നീതി നിഷേധിച്ചു: അലോക്‌ വർമ
ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വിശദീകരണം നൽകാനുള്ള അവസരംപോലും തനിക്ക‌് നൽകിയില്ല. സ്വാഭാവിക നീതി നിഷേധിച്ചു. മുഴുവൻ നടപടിക്രമങ്ങളും തലകീഴാക്കിയാണ‌് ഡയറക്ടർ സ്ഥാനത്ത‌്നിന്ന‌് തന്നെ നീക്കിയത‌്–- അലോക‌് വർമ ചൂണ്ടിക്കാട്ടി. 

സിബിഐ അന്വേഷണത്തിന‌് വിധേയനായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ‌് സിവിസി റിപ്പോർട്ടിലെന്ന‌് രാജിക്കത്തിൽ അലോക‌്‌ വർമ എടുത്തുപറഞ്ഞിട്ടുണ്ട‌്. പ്രധാനമന്ത്രിയുടെ പ്രിയങ്കരനായ ഗുജറാത്ത‌് കേഡർ ഐപിഎസ‌് ഉദ്യോഗസ്ഥനും സിബിഐ സ‌്പെഷ്യൽ ഡയറക്ടറുമായ രാകേഷ‌് അസ‌്താനയെ ഉദ്ദേശിച്ചാണ‌് ഈ പരാമർശം. കേന്ദ്രസർക്കാർ സിബിഐയെ നിയന്ത്രിക്കുകയാണെന്നും വർമ പറഞ്ഞു. വ്യാഴാഴ‌്ച ചേർന്ന ഉന്നതതലസമിതിയോഗം 2:1 ഭൂരിപക്ഷത്തിലാണ‌് അലോക‌്‌ വർമയെ നീക്കാൻ തീരുമാനിച്ചത‌്.

നാഗേശ്വരറാവു ചുമതലയേറ്റു; ഉത്തരവുകൾ റദ്ദാക്കി
അലോക‌്‌ വർമയ‌്ക്ക‌് പകരം താൽക്കാലിക ഡയറക്ടറായി അഡീഷണൽ ഡയറക്ടർ എം നാഗേശ്വരറാവു വെള്ളിയാഴ‌്ച ചുമതലയേറ്റു. ഒക്ടോബർ 23ന‌് അർധരാത്രി അലോക‌്‌ വർമയെ ഒഴിവാക്കി നാഗേശ്വരറാവുവിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചിരുന്നു. ഇത‌് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന‌് ബുധനാഴ‌്ച ഡയറക്ടർ സ്ഥാനത്ത‌് തിരിച്ചെത്തിയ അലോക‌്‌ വർമ നാഗേശ്വരറാവു പുറപ്പെടുവിച്ച ചില സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയിരുന്നു. നാഗേശ്വരറാവു വീണ്ടും അധികാരമേറ്റ ഉടനെ ഈ നടപടി മരവിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top