17 October Wednesday

അന്തരീക്ഷമലിനീകരണം: ഡല്‍ഹി ആശങ്കയുടെ ഗ്യാസ് ചേംബറില്‍ ; നഗരം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്

സ്വന്തം ലേഖകന്‍Updated: Wednesday Nov 8, 2017


ന്യൂഡല്‍ഹി > മലിനീകരണതോത് അപകടകരമായി ഉയര്‍ന്ന്  വായു ശ്വസയോഗ്യമല്ലാതായതോടെ ഡല്‍ഹി ആശങ്കയുടെ ഗ്യാസ് ചേംബറിലായി. ശൈത്യകാല ആരംഭത്തില്‍തന്നെ വായു നിലവാര സൂചികയില്‍ 448 എന്ന ഏറ്റവും ഗുരുതരമായ നിലയാണ് ചൊവ്വാഴ്ച അടയാളപ്പെടുത്തിയത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട നിലയിലാണ് സംസ്ഥാനമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പുനല്‍കി.

സ്ഥിതി ഗുരുതരമായതോടെ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മലിനീകരണതോത് കുറയ്ക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനുമുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് നിലവിലെ വായു മലിനീകരണതോത്. ശ്വാസകോശ സംബന്ധവും ഹൃദയ സംബന്ധവുമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.പുകമഞ്ഞ് വ്യാപകമായതോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ കാഴ്ച പരിധി 200 മീറ്ററായി കുറഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്റെ ഉത്തര മേഖല, യുപിയുടെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളില്‍ കാഴ്ച പരിധി 25 മീറ്ററായി കുറഞ്ഞിട്ടുണ്ട്. കാഴ്ചമങ്ങി റണ്‍വേ അവ്യക്തമായതോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള 20 വിമാനങ്ങള്‍ വൈകി. രാജ്യതലസ്ഥാനമേഖലയില്‍ 33 ട്രെയിനുകള്‍ വൈകി.

കാഴ്ച മറഞ്ഞ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഹരിയാനയില്‍നിന്ന് അതിരാവിലെ പുറപ്പെടുന്ന സര്‍ക്കാര്‍ ബസ്സുകള്‍ റദ്ദാക്കി. ഡല്‍ഹി-നോയിഡ ഫ്ളൈ വേയിലും നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ്വേയിലയും മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് ഉണ്ടായത്. ശിശുദിനത്തിന്റെ ഭാഗമായ പരിപാടികളും 19ന് നടക്കുന്ന ഡല്‍ഹി ഹാഫ് മാരത്തോണും തടയണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയങ്ങള്‍, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ എന്നിവയില്‍ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് 9000 മാസ്ക്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളുകള്‍ക്ക് നല്‍കിയ അവധി ആവശ്യമെങ്കില്‍ നീട്ടുമെന്ന്് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അസംബ്ളി ഉള്‍പ്പെടെ പുറത്തു നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തടഞ്ഞു.

ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കത്തിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍, പാടശേഖരങ്ങള്‍ കത്തിച്ചതിന്റെ പുകയും മാലിന്യങ്ങളും സംസ്ഥാനത്തേക്ക് ഇനിയും എത്തിയിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു നിലവാര പരിശോധന ലാബ് തലവന്‍ ദിപാങ്കര്‍ സാഹ പറയുന്നത്. ആ പുകകൂടി എത്തുന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്തത്ര അപകടകരമാക്കുമെന്നും സാഹ പറയുന്നു.മനുഷ്യവാസ യോഗ്യമല്ലാത്ത നിലയില്‍ ഡല്‍ഹി വിഷവാതക ചേംബറായി മാറാതിരിക്കാന്‍ അടിയന്തര നടപടികള്‍ക്കാണ് സര്‍ക്കാര്‍ നീക്കം. വായു നിലവാര സൂചികയില്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് 999, ആര്‍ കെ പുരം 852 എന്നിങ്ങനെ ഗുരുതര നില അടയാളപ്പെടുത്തിയതോടെ കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കേണ്ടിവരും. കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ 420, ആനന്ദ് വിഹാര്‍ 319, ദ്വാരകയും രാജ്യ തലസ്ഥാന മേഖലയും 400-420 എന്നിങ്ങനെ ആശാസ്യമല്ലാത്ത നിലവാര സൂചികയിലാണ്.

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ട നിയന്ത്രണം വീണ്ടും നടപ്പാക്കുക, സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ പാര്‍ക്കിങ്ങ് ഫീസ് നാലുമടങ്ങ് വര്‍ദ്ധിപ്പിക്കുക, തിരക്കുകുറഞ്ഞ സമയങ്ങളില്‍ ചര്‍ജ്ജ് കുറയ്ക്കാനും കൂടുതല്‍ ബോഗികള്‍ ഉപയോഗിക്കാനും ഡല്‍ഹി മെട്രോയോട് നിര്‍ദ്ദേശിക്കുക തുടങ്ങിയ നിയന്ത്രണ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അന്തരീക്ഷത്തില്‍ നിറഞ്ഞ പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ ഹെലികോപ്റ്ററില്‍നിന്ന് വെള്ളം തളിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

 

പ്രധാന വാർത്തകൾ
Top