22 September Saturday

മോഡിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിപോയി; പ്രതികാരം പ്രധാനമന്ത്രിയുടെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതിന്

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോഡിയെയും വിമര്‍ശിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരായ സമ്മര്‍ദ്ദ തന്ത്രവും പ്രതികാര നടപടികളും തുടരുന്നു. പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ പൊളിച്ചടുക്കിയ എബിപി ന്യൂസിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഒരു വാര്‍ത്താ അവതരകനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. മോഡിക്കെതിരെയും ബിജെപിക്കെതിരേയും വാര്‍ത്ത നല്‍കിയതില്‍ മാനേജ്മെന്റില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ഇരുവരുടേയും രാജി എന്ന് എബിപി ന്യൂസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേക്കര്‍, പുണ്യ പ്രസൂണ്‍ വാജ്പെയ് എന്നിവര്‍ക്ക് ചാനലില്‍ നിന്നും രാജിവെക്കേണ്ടി വന്നു. അഭിശര്‍ ശര്‍മ എന്ന വാര്‍ത്താ അവതാരകനെയാണ് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. എബിപിയിലെ ജനപ്രിയ പരിപാടി മാസ്റ്റര്‍ സ്ട്രോക്കിന്റെ അവതാരകനാണ് പുണ്യ പ്രസൂണ്‍.

കുറച്ചുനാള്‍ മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഘടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ കര്‍ഷക സ്ത്രീയ്ക്ക് എഴുതി കൊടുത്ത് പറയിച്ച കള്ളത്തരം എബിപി ന്യൂസിന്റെ പരിപാടിയായ മാസ്റ്റര്‍സ്ട്രോക്കിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. നെല്‍കൃഷിയില്‍നിന്ന് സീതപ്പഴക്കൃഷിയിലേക്ക് മാറിയതോടെ വരുമാനം ഇരട്ടിയായി എന്ന് കര്‍ഷക സ്ത്രീയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ പറയിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോള്‍ വരുമാനം ഇരട്ടിയായെന്ന് പറയണമെന്ന് ഡല്‍ഹിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നുവെന്ന് ആ സ്ത്രീ സമ്മതിക്കുന്ന എപ്പിസോഡ് പിന്നീട് 'മാസ്റ്റര്‍ സ്ട്രോക്ക്' സംപ്രഷണം ചെയ്‌തിരുന്നു.

ആ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കള്‍ ചാനലിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മാസ്റ്റര്‍ സ്ട്രോക്ക് പരിപാടി നടക്കുമ്പോഴെല്ലാം ഉപഭോക്താക്കള്‍ തടസ്സം നേരിട്ടിരുന്നു. ഈ പരിപാടി നടക്കുമ്പോള്‍ ടാറ്റ സ്‌കൈ, എയര്‍ട്ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ സേവനം നിര്‍ത്തിയതായും ആരോപണമുണ്ട്.

ഉത്തര്‍പ്രദേശിലെ ക്രമസമാധാനം മെച്ചപ്പെട്ടെന്ന മോദിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയും മോദി പ്രസംഗിച്ചു അടുത്ത ദിവസം തന്നെ യുപിയില്‍ രാജ്യത്തെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങള്‍ നടന്നുവെന്നും ഒരു പരിപാടിയില്‍ ചൂണ്ടികാണിച്ചതാണ് അഭിശര്‍ ശര്‍മയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണം.

പ്രസ്‌തുത പരിപാടി നടക്കുമ്പോള്‍ തന്നെ അത് നിര്‍ത്തി വെക്കാന്‍ എബിപി ന്യൂസ് സിഇഒ അതിദേബ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാണ് ചീഫ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേക്കര്‍ക്ക് ജോലി നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ പൊടുന്നനെയുള്ള രാജിക്ക് പിന്നാലെ മാസ്റ്റര്‍സ്ട്രോക്ക് എന്ന പരിപാടി ചാനല്‍ പിന്‍വലിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top