13 November Tuesday

108 ആംബുലൻസ് അഴിമതി : വയലാർ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം

സ്വന്തം ലേഖകൻUpdated: Wednesday Jun 6, 2018


ന്യൂഡൽഹി
രാജസ്ഥാനിലെ 108 ആംബുലൻസ് അഴിമതി കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണയെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഉന്നത കോൺ​ഗ്രസ് നേതാക്കളുടെ പിന്തുണയോടെ രവി കൃഷ്ണയുടെ നേതൃത്വത്തിൽ ആരംഭിച്ച സിഖിറ്റ്സ ഹെൽത്ത് കെയർ സംസ്ഥാനത്ത് നടത്തിയ ആംബുലൻസ് സർവീസിലെ അഴിമതിയും ടെൻഡർ ക്രമക്കേടും കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നു. കമ്പനി സിഇഒ ശ്വേത മുദ്ഗൽ, ജീവനക്കാരൻ അമിത് ആന്റണി അലക്സ് എന്നിവരെയും പ്രതിചേർത്തു. രാജസ്ഥാൻ പൊലീസ‌് രജിസ‌്റ്റർ ചെയ‌്ത കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിൻ പൈലറ്റ്, പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവർ സിബിഐയുടെ ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല. രവി കൃഷ്ണയ്ക്കൊപ്പം കമ്പനി ഡയറക്ടർമാരായിരുന്നു സച്ചിൻ പൈലറ്റും കാർത്തി ചിദംബരവും.

അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുണ്ടാകാമെന്ന‌് സിബിഐ അറിയിച്ചു. ജയ്പൂരിലെ അഡീഷണൽ ചീഫ് മുൻസിഫ് മജിസ്ട്രേട്ട‌് കോടതിയിലാണ‌്  കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, രേഖകളിൽ കൃത്രിമം, വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൃത്രിമം, വ്യാജരേഖ ഉപയോഗിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്്. ആംബുലൻസ് സർവീസ് സിഖിറ്റ്സ കമ്പനിക്ക് ലഭിക്കുംവിധം ടെൻഡർ പ്രക്രിയയിൽ കൃത്രിമം നടത്തിയതായും ചൂണ്ടിക്കാട്ടുന്നു.

അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കെ  2010‐13 കാലയളവിലാണ് ഇടപാടുകൾ . ഭരണമാറ്റത്തെ തുടർന്നാണ‌് ക്രമക്കേടുകൾ പുറത്തുവന്നത‌്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഗെലോട്ട്ആരോപിച്ചു. എന്നാൽ, സന്നദ്ധ സംഘടനയെന്ന നിലയിൽനിന്ന‌് ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനിയായി സിഖിറ്റ്സ മാറിയതോടെ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചെന്നാണ് സച്ചിന്റെ വിശദീകരണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top