ഫയര്‍ ഡാന്‍സറായി തുടക്കം

കൊച്ചി > വിനായകന്‍ എന്ന പ്രഗത്ഭനായ ഫയര്‍ ഡാന്‍സര്‍ ഇനി ലോകമറിയുന്ന നടന്മാരുടെ നിരയിലേക്ക്. എറണാകുളത്തെ കമ്മട്ടിപ്പാടത്തിന്റെ ചൂടും ചൂരും നിറഞ്ഞ സ്വന്തം ജീവിതം പകര്‍ന്നാടിയ നടനവൈവിധ്യത്തിന് വെള്ളിത്തിരയുടെ ആദരം. 1995 മുതല്‍ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളിലായി 38 സിനിമകള്‍. മിക്കതും ഗ്യാങ്സ്റ്റര്‍ മോഡല്‍. ലഭിച്ച വേഷങ്ങളെല്ലാം പ്രേക്ഷകപ്രശംസ നേടുകയും ചെയ്തു.
തമ്പി കണ്ണന്താനം സംവിധാനംചെയ്ത് മോഹന്‍ലാല്‍ നായകനായ മാന്ത്രികം സിനിമയിലാണ് വിനായകന്‍ എത്തുന്നത്. സ്വന്തമായി ഡാന്‍സ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനമാണ് തമ്പി കണ്ണന്താനത്തെ ആകര്‍ഷിച്ചത്. സിനിമയില്‍ മൈക്കല്‍ ജാക്സന്റെ പകര്‍പ്പായെത്തിയ വിനായകന് പിന്നീട് ചെറുതും വലുതുമായ വേഷങ്ങള്‍ ലഭിച്ചു. മികച്ച നടനുള്ള സിനിമാ പാരഡിസോ ക്ളബ് സിനി അവാര്‍ഡും ദി നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡും വിനായകനു ലഭിച്ചത് കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ്. വിവിധ ഭാഷാചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.
ബിഗ് ബി, ഛോട്ടാ മുംബൈ, കലി, ആട് ഒരു ഭീകരജീവിയാണ്, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇയോബിന്റെ പുസ്തകം, മസാല റിപ്പബ്ളിക്, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, ബാച്ച്ലര്‍ പാര്‍ടി, ബെസ്റ്റ് ആക്ടര്‍, പച്ചമരണത്തണലില്‍, തത്സമയം ഒരു പെണ്‍കുട്ടി, തിമിര് (തമിഴ്), ജെയിംസ് (ഹിന്ദി), ചിന്താമണി കൊലക്കേസ്, മകള്‍ക്ക്, ഇവര്‍, ചതിക്കാത്ത ചന്തു, സ്റ്റോപ്പ് വയലന്‍സ്, വയലന്‍സ്, അഞ്ചുസുന്ദരികള്‍, സാഗര്‍ ഏലിയാസ് ജാക്കി, റീ ലോഡഡ്, നമ്മള്‍ തമ്മില്‍, ജയം, ജൂനിയര്‍ സീനിയര്‍, മകള്‍ക്ക്, ബൈ ദി പീപ്പിള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. ഗുണ്ടാസംഘാംഗമായും കൊമേഡിയനായും തിളങ്ങി. ജയറാം നായകനായ 'ഇവര്‍' സിനിമയില്‍ അന്ധനായ ഗുണ്ടയെ അവിസ്മരണീയമാക്കി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബെസ്റ്റ് ആക്ടറാണ് മലയാളത്തില്‍ സജീവമാക്കിത്. എറണാകുളം കമ്മട്ടിപ്പാടം തലങ്ങണത്തറ പരേതനായ കുട്ടപ്പന്റെ നാലു മക്കളില്‍ ഇളയവനാണ് വിനായകന്‍. അമ്മ: തങ്കമ്മ. ഭാര്യ: ബിനിത (ബാങ്ക് ജീവനക്കാരി). സഹോദരന്മാര്‍: വിക്രമന്‍, വിജയന്‍, വിദ്യാധരന്‍.
സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും വിനായകന്‍ എന്ന നടനെ പ്രേക്ഷകര്‍ ഏറെ സ്നേഹിച്ചതും തിരിച്ചറിഞ്ഞതും കമ്മട്ടിപ്പാടത്തിലൂടെയാണ്. രാജീവ് രവി സംവിധാനംചെയ്ത ഈ ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രം അത്രമാത്രം സ്വാഭാവികതയോടെയാണ് വിനായകന്‍ അവതരിപ്പിച്ചത്.
ഈ പുരസ്കാരം ഭക്ഷണം, മധുരം ഇനി ലഭിക്കണം: വിനായകന്‍
കൊച്ചി > പുരസ്കാരം തനിക്ക് ലഭിച്ച ഭക്ഷണമാണെന്നും മധുരം ഇനി ലഭിക്കേണ്ടതുണ്ടെന്നും വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ച വിവരമറിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു 'കമ്മട്ടിപ്പാട'ത്തിലെ ഗംഗയെ അനശ്വരനാക്കിയ വിനായകന്‍. അവാര്‍ഡ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചില്ല.
'കമ്മട്ടിപ്പാട'ത്തിന്റെ നിര്‍മാതാവ് പ്രേംമേനോനോടും സംവിധായകന്‍ രാജീവ് രവിയോടുമുള്ള നന്ദി അറിയിക്കുന്നു. മരിക്കുംഅഭിനയം തുടരും. കമ്മട്ടിപ്പാടത്ത് ഒരുപാട് ഗംഗാധരന്മാരുണ്ടെന്നും വിനായകന്‍ പറഞ്ഞു.










0 comments