മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ശുപാര്‍ശ സ്വാഗതാര്‍ഹം: വി എസ്

തിരുവനന്തപുരം > മൂന്നാറില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന അനധികൃത കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നുമുള്ള നിയമസഭാ ഉപസമിതിയുടെ ശുപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാത്രമല്ല, നവംബര്‍ 14ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. കയ്യേറ്റങ്ങള്‍ക്കും പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും നേരെ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികളെടുത്തില്ലെങ്കില്‍ ഇനി വരുന്ന തലമുറയ്ക്ക് ഈ നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയുണ്ടാവും.
കൊച്ചിയിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം നടത്തിയ പരിസ്ഥിതി നിയമലംഘനം പിഴയൊടുക്കി റഗുലറൈസ് ചെയ്യാനിടയാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലായിരുന്നു. അതുപോലെ, കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കാതിരിക്കാന്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന നിയമോപദേശം സര്‍ക്കാരിന്റെ കൈവശമുണ്ട്. അതനുസരിച്ച് കോവളം കൊട്ടാരം സംരക്ഷിക്കാനും നടപടികളുണ്ടാവണം വി എസ് ആവശ്യപ്പെട്ടു.










0 comments