Top
24
Wednesday, May 2017
About UsE-Paper
കേരളകോണ്‍ഗ്രസിലെ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചെയര്‍മാന്‍

കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തോല്‍വി

Friday May 19, 2017
വെബ് ഡെസ്‌ക്‌

കോട്ടയം > കോട്ടയം ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തോല്‍വി. കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് വിജയിച്ചത്.

ആകെ 22 അംഗങ്ങളുള്ള സമിതിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്  12 വോട്ടു കിട്ടി. സിപിഐ എമ്മിന്റെയും കേരളകോണ്‍ഗ്രസിലെയും ആറംഗങ്ങള്‍ പിന്തുണച്ചു. സിപിഐ, പി സി ജോര്‍ജ് വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. നേരത്തെ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായിരുന്നു.  വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായിരുന്ന കുതിരവേലി പ്രസിഡന്റായതോടെ ആ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ലിസമ്മ ബേബിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

കേരളകോണ്‍ഗ്രസിന്റെ സീറ്റായ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് വഞ്ചനയാണെന്ന് കേരളകോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സഖറിയാസ് കുതിരവേലി പറഞ്ഞു. പി ജെ ജോസഫ് വിഭാഗത്തോട് അടുപ്പം പുലര്‍ത്തുന്ന കേരളകോണ്‍ഗ്രസ് എം നേതാവാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

കോണ്‍ഗ്രസിന്റെ ജോഷി ഫിലിപ്പായിരുന്നു നേരത്തെ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. ഡിസിസി പ്രസിഡന്റായതിനെ തുടര്‍ന്ന് ഇദ്ദേഹം സ്ഥാനം രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിലെ മുന്‍ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും പിന്നീട് രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനുമായിരുന്നു.

യുഡിഎഫ് വിടാന്‍ കേരളകോണ്‍ഗ്രസ് തീരുമാനിച്ച ശേഷവും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും സഹകരണസ്ഥാപനങ്ങളിലേക്കും യുഡിഎഫുമായുള്ള ബന്ധം തുടരാന്‍  ധാരണ ഉണ്ടായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഈ ധാരണ കോണ്‍ഗ്രസ് ഏകപക്ഷീയമായി ലംഘിച്ചതിനാല്‍  യുഡിഎഫ് വിരുദ്ധ നിലപാട് കേരളകോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു.