എംജി സര്‍വകലാശാല ക്യാമ്പസില്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെയും അംഗപരിമിതനായ വിദ്യാര്‍ഥിയെയും വെട്ടിക്കൊല്ലാന്‍ ശ്രമം

കോട്ടയം > എം ജി സര്‍വകലാശാല ക്യാമ്പസ് കവാടത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെയും അംഗപരിമിതനായ ദളിത് വിദ്യാര്‍ഥിയെയും വെട്ടിക്കൊല്ലാന്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ ശ്രമം. കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇരുവരെയും വടിവാളിനും കമ്പിവടിക്കും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം അരുണ്‍ (22), യുണിവേഴ്സിറ്റി ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിഅംഗവും ക്യാമ്പസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ സച്ചു സദാനന്ദന്‍ (22)എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും എം ജി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു ആക്രമണം. ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംഘം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെഎസ്യു ജില്ലാ പ്രസിഡന്റ് ജോബിന്‍ ജേക്കബ്, യൂത്തു കോണ്‍ഗ്രസ് നേതാവും അതിരമ്പുഴ പഞ്ചായത്തിലെ കോണ്‍ഗ്രസ് മുന്‍ മെമ്പറുമായ ജിം അലക്സ്, കൊലപാതകങ്ങളടക്കം മുപ്പതോളം കേസില്‍ പ്രതിയായ കൊടുംക്രിമിനല്‍ അരുണ്‍ ഗോപന്‍, ഗുണ്ടാ ആക്രമണവും കൊലപാതക ശ്രമവുമടക്കം ഇരുപതോളം കേസില്‍ പ്രതിയായ അമ്മഞ്ചേരി സിബി എന്ന സിബി എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് ഇവരെ വധിക്കാന്‍ ശ്രമിച്ചത്. കമ്പിവടിയും വടിവാളുകളുമായി കാറില്‍ എത്തിയ സംഘം വിദ്യാര്‍ഥികളുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചശേഷമാണ് വെട്ടി വീഴ്ത്തിയത്.
ഇടതു കൈയില്ലാത്ത സച്ചുവിന്റെ വലതു കൈയാണ് വെട്ടിക്കീറിയത്. എല്ലിനു കാര്യമായ പരിക്കുണ്ട്. സച്ചുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അരുണിന്റെ കൈപ്പത്തിയും ഉള്ളം കൈയും വെട്ടിത്തകര്‍ത്തു. ഇരുവരെയും കമ്പിവടിക്ക് അടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അക്രമികള്‍ ഉപയോഗിച്ച ഐ ടെന്‍ കാര്‍ അതിരമ്പുഴ പെട്രോള്‍ പമ്പിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
മാന്നാനം കെ ഇ കോളേജില്‍ എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയനെ കോളേജ് ദിനാഘോഷം നടത്താന്‍ അനുവദിക്കില്ലന്ന് പറഞ്ഞ് കെഎസ്യു സംഘം ക്യാമ്പസില്‍ കയറി രാവിലെ ആക്രമിച്ചിരുന്നു. വൈകിട്ട് എം ജി ക്യാമ്പസില്‍ ബൈക്കിലെത്തിയ കെഎസ്്യു ജില്ലാ പ്രസിഡന്റും സംഘവും എസ്എഫ്ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. പിന്നാലെ കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം അരുണിനെയും സച്ചുവിനെയും ആക്രമിക്കുകയായിരുന്നു.
ഗാന്ധിനഗര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. ഗുണ്ടാ സംഘത്തിലെ ജയമോഹന്‍(36), രോഹിന്‍ കുര്യന്‍, സിബി ജോണ്‍ (അമ്മഞ്ചേരി സിബി) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.










0 comments